സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കൊല്ലത്ത് 25 കാരിക്ക് ദാരുണാന്ത്യം
ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതി സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് മരിച്ചു. ഇടുക്കി കെ.ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേല്‍ കെ സി ആന്റണി മോളി ദമ്പതികളുടെ മകള്‍ അന്‍സു ട്രീസ ആന്റണി (25) ആണ് മരിച്ചത്. അമിത വേഗത്തിലും അശ്രദ്ധമായും കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പത്തനംതിട്ട ചെന്നീർക്കര നീലക്കിലേട്ടിലെ വീട്ടിൽ ജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. കാർ കസ്റ്റഡിയിലെടുത്തു.
എംസി റോഡിൽ കുളക്കട വായനശാല ജംക്‌ഷനു സമീപം ബുധനാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കാസർകോട് പെരിയയിലെ കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അൻസു എംബിഎ പൂർത്തിയാക്കിയത്. കരുവേലിലെ ഒരു കോളജിൽ ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ബസിൽ എത്തിയതായിരുന്നു. പുത്തൂര്‍ വഴി പോകുന്നതിനു പുത്തൂര്‍ മുക്കില്‍ ഇറങ്ങുന്നതിനു പകരം കുളക്കടയില്‍ ഇറങ്ങുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറോട് വഴി ചോദിച്ചതിന് ശേഷം ബസ് പിടിക്കാൻ സീബ്രാ ലൈനിലൂടെ റോഡിന്റെ മറുവശത്തേക്ക് നടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഈ കാർ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്ക് കുതിച്ചതാണ് അപകട കാരണം. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അപകടസ്ഥലത്തെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സഹോദരിമാർ: ആന്റു ആന്റണി (യുഎസ്), അഞ്ജു ആനി ആന്റണി.
