പൂട്ടിയിട്ട വീട്ടിൽ നിന്ന് 40 പവൻ കവർന്ന് കള്ളൻ; ശേഷം നേരെ ബാറിലേയ്‌ക്ക്; മൂന്നു മണിക്കൂറിനുള്ളിൽ 59കാരൻ പിടിയിൽ
ആളില്ലാത്ത വീട്ടിൽ നിന്ന് 40 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിലായി. നെടുമങ്ങാട് സ്വദേശി ഹരിപ്രസാദാണ് (59) അറസ്റ്റിലായത്. കന്യാകുമാരിക്കടുത്ത് കുണ്ടൽ സ്വദേശി ജാപറാണി (31)യുടെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്.
ശനിയാഴ്ച വൈകിട്ട് അമ്മയുടെ വീട്ടിൽ പോയ ജാപറാണി ഇന്നലെ രാവിലെ എട്ടോടെയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പിന്നീട് വീട് പരിശോധിച്ചപ്പോഴാണ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കന്യാകുമാരിയിലെ ബാറിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 40 പവൻ ആഭരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കന്യാകുമാരി പോലീസ് സ്റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
