റീൽസ് വിഡിയോകൾ കണ്ടു കടുത്ത പ്രണയം; 80-കാരനെ പ്രണയിച്ച് 34-കാരി, ഒടുവിൽ ഇരുവർക്കും വിവാഹം

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 80 കാരനെ 34 കാരിയായ യുവതി വിവാഹം കഴിച്ചു. മഹാരാഷ്ട്ര സ്വദേശിനിയായ ഷീലയും മധ്യപ്രദേശ് സ്വദേശി ബാലുറാമും തമ്മിലുള്ള പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ രസകരമായ വീഡിയോകൾ നിർമ്മിക്കുന്നതിൽ ബാലുറാം പ്രശസ്തനാണ്. ഇവരുടെ പ്രണയകഥ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലെ 100 വീടുകൾ മാത്രമുള്ള മഗാരിയ എന്ന ചെറിയ ഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. വിവാഹിതരായ മൂന്ന് പെൺമക്കളും ഒരു മകനുമാണ് ബാലുറാമിനുള്ളത്. രണ്ട് വർഷം മുമ്പ് ബാലുറാം കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു. ഭാര്യയുടെ മരണശേഷം കടങ്ങൾ പെരുകുകയും ബാലുറാം വിഷമത്തിലാവുകയും ചെയ്തു.

തുടർന്ന്, അദ്ദേഹത്തിൻ്റെ ആരോഗ്യം ഗണ്യമായി വഷളാകുകയും മാനസികാരോഗ്യം മോശമാവുകയും ചെയ്തു. ഈ സമയത്താണ് ബലറാമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന വിഷ്ണു ഗുജ്ജർ സഹായത്തിനെത്തിയത്. വിഷ്ണു അദ്ദേഹത്തോടൊപ്പം റീലുകൾ നിർമ്മിക്കും. താമസിയാതെ അവരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും ബാലുറാം രാജ്യത്ത് “ബാലു ബാ” എന്ന പേരിൽ ജനപ്രിയമാവുകയും ചെയ്തു. ബലറാം വൈകാതെ വിഷാദത്തിൽ നിന്ന് കരകയറി.

ഈ സമയത്താണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിനിയായ ഷീലയെ ബലറാം പരിചയപ്പെടുന്നത്. ബലറാമിൻ്റെ വീഡിയോകൾ കണ്ടിട്ടാണ് ഷീല ആദ്യം മെസേജ് അയക്കുന്നത്. എന്നാൽ ബാലുറാം ആൻഡ്രോയിഡ് ഫോണുകൾ കൈകാര്യം ചെയ്യാൻ അറിയാത്തതിനാൽ മറുപടികൾ അയക്കാൻ വിഷ്ണുവിനെയാണ് ഏൽപ്പിച്ചത്. ബാലുറാമിൻ്റെ സന്ദേശങ്ങളിൽ ആകൃഷ്ടയായ ഷീല ബാലുറാമുമായി പ്രണയത്തിലാകുന്നു. തുടർന്ന് ബാലുറാമിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഷീല സ്വന്തം വീട് ഉപേക്ഷിച്ച് ബാലുറാമിൻ്റെ വസതിയിലെത്തി. ഏപ്രിൽ ഒന്നിന് സുസ്നാറിലെ കോടതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് കോടതി വളപ്പിലെ ക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള മാലയിട്ട് വിവാഹ ചടങ്ങുകൾ നടത്തി.

Scroll to Top