കെഎസ്ആർടിസി ജനതാ സർവീസ് ഇന്ന് മുതൽ; 20 രൂപ നിരക്കില്‍ എസി ബസ്സിൽ യാത്ര
കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതുവഴി യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എസി ബസിൽ യാത്ര ചെയ്യാം. കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ മുതലാണ്. അധിക കിലോമീറ്ററിന് 108 പൈസ ഈടാക്കും.
സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും, സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. പ്രധാനമായും തിരുവനന്തപുരത്തെ ഓഫീസുകളിൽ എത്തുന്നവർക്ക് സൗകര്യപ്രദമായി എത്തിച്ചേരുന്ന തരത്തിലാണ് സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽനിന്നും രാവിലെ 7.15ന് ആരംഭിക്കുന്ന ആദ്യ സർവീസ് 9.30ന് തിരുവനന്തപുരത്തെത്തും.
ജനതാ എസി ബസുകൾക്കായി, ഓരോ ഡിപ്പോയും ഹബ്ബായും പ്രധാന ബസ് സ്റ്റേഷനുകൾ റീജിയണൽ ഹബ്ബായും അങ്കമാലി ബസ് സ്റ്റേഷൻ സെൻട്രൽ ഹബ്ബായും സർവ്വീസ് സംഘടിപ്പിക്കുന്നു. കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽനിന്നും രാവിലെ 7.15ന് സർവീസ് ആരംഭിക്കുന്ന ബസ് 9.30ഓടെ തിരുവനന്തപുരത്തെത്തും. രാവിലെ 10ന് തിരിച്ച് പോകുന്ന ബസുകൾ ഉച്ചയ്ക്ക് 12ന് കൊല്ലത്തേക്കും കൊട്ടാരക്കരയിലേക്കും മടങ്ങും. തുടർന്ന് 2.20ന് വീണ്ടും പുറപ്പെട്ട് 4.30ന് തിരുവനന്തപുരത്തെത്തി 5ന് തമ്പാനൂർ വഴുതക്കാട് സ്റ്റാച്യു, പട്ടം (മെഡിക്കൽ കോളജ്–കൊല്ലം ബസ്), കേശവദാസപുരം എന്നിവിടങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ 7.15ന് സർവീസ് അവസാനിപ്പിക്കും.
