ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

വർക്കലയിൽ ഇരുചക്രവാഹനത്തിൽ സ്വകാര്യ ബസിടിച്ച് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് കോവിൽത്തോട്ടം സ്വദേശി പ്രതിഭ (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ വർക്കല റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം.

നേഴ്സിംഗിന് പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ വിടാനാണ് മൂന്നംഗ കുടുംബം കൊല്ലത്തെത്തിയത്. എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ഹബീബി എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിൽ ഓവർടേക്ക് ചെയ്തുവന്ന ബസ് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പ്രതിഭയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിഭയുടെ ഭർത്താവിനും മകൾക്കും പരിക്കേറ്റു. വർക്കല പോലീസ് സ്ഥലത്തെത്തി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Scroll to Top