കുട്ടികർഷകർക്ക് അഞ്ച് ലക്ഷം രൂപ നൽകി ജയറാം, പിന്നാലെ സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും

തൊടുപുഴയിൽ വിഷബാധയേറ്റ് കുട്ടി കർഷകരുടെ പശുക്കൾ ചത്ത സംഭവത്തിൽ സഹായവുമായി നടൻ ജയറാം. പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനായി നീക്കിവച്ച തുക അദ്ദേഹം വ്യക്തിപരമായി കുട്ടികൾക്കായി നൽകി. അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് താരം നൽകിയത്. എന്ത് ആവശ്യം വന്നാലും വിളിക്കാം, നല്ല രീതിയിൽ കൃഷി തുടരാം എന്ന് പറഞ്ഞു.

തൊടുപുഴ വെള്ളിയാമാമത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവർ നടത്തുന്ന ഫാമിലെ പശുക്കളാണ് ചത്തത്. 13 പശുക്കളാണ് ഒരു ദിവസം ചത്തത്. ഇതിൽ അഞ്ച് പശുക്കൾക്ക് കറവ ഉണ്ടായിരുന്നു. പശുക്കൾ ചത്തതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച വൈകുന്നേരമാണ് പശുക്കൾക്ക് കപ്പത്തൊലി കൊടുത്തിരുന്നു.

ഇതാണ് മരണകാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തി. അതിനിടെ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുടുംബത്തെ നേരിൽ കണ്ടു.
ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും നിരാശരാകേണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് പശുക്കളെ നൽകും. കൂടാതെ ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകും. തുടർ സഹായം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിൽമ ഇന്ന് 45,000 രൂപ നൽകും. നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നായിരുന്നു പ്രഖ്യാപനം.

Prime Reel News