‘ഇനി ഒന്നിച്ചുള്ള ജീവിതം’ നടി മീര നന്ദന്‍ വിവാഹിതയാവുന്നു, വരന്‍ ശ്രീജു

നടി മീര നന്ദൻ വിവാഹിതയാകുന്നു. ശ്രീജുവാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദൻ തന്നെയാണ് വിവാഹ തീരുമാനം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ശ്രീജു ലണ്ടനിൽ ജോലി ചെയ്യുന്നു. ചടങ്ങിന്‍റെ ഫൊട്ടോഗ്രഫി നിര്‍വഹിച്ച ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിപ്പെട്ട ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്.

‘‘ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്; അവർ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചിലവഴിക്കാൻ തീരുമാനിക്കുന്നു.’’–ലൈറ്റ്സ് ഓൺ ക്രിയേഷൻസ് അവരുടെ പേജിലൂടെ പറയുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ലാണ് സിനിമാ അരങ്ങേറ്റം നടത്തിയത്. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്‍റെ അളിയാ ആണ് മീര അഭിനയിച്ച് പുറത്തെത്തിയ അവസാന ചിത്രം.

Prime Reel News

Similar Posts