ഗോപിനാഥ്‌ മുതുകാടിനെതിരെ പല കോണുകളിൽ നിന്നും ആരോപണം ഉയർന്ന സ്ഥിതിക്ക് അതിനൊക്കെ വ്യക്തമായ മറുപടി നൽകേണ്ടത് ശ്രീ ഗോപിനാഥ്‌ മുതുകാട് ആണ്; അഞ്ജു പാർവതി

ശ്രീ ഗോപിനാഥ്‌ മുതുകാടുമായി ബന്ധപ്പെട്ട് കേൾക്കുന്ന വിവാദത്തെ കുറിച്ച് എന്താണ് എഴുതാത്തത് എന്ന് പലരും ചോദിച്ചിരുന്നു. ഭിന്നശേഷി മക്കളുമായി ബന്ധപ്പെട്ട കാര്യമായതിനാലും നിലവിലുള്ള വിവാദങ്ങൾക്ക് ഉള്ള മറുപടി തെളിവ് സഹിതം പൊതുസമൂഹത്തെ അറിയിക്കേണ്ടത് ശ്രീ മുതുകാടിന്റെ പൂർണ്ണ ഉത്തരവാദിത്വം ആയതിനാലും ഈ വിഷയത്തിൽ എടുത്ത് ചാടി അഭിപ്രായം പറയുന്നത് ഉചിതമല്ല എന്നാണ് ഉത്തരം.എങ്കിലും ചിലത് പറയേണ്ടത് ഉണ്ട്.

ഒരാഴ്ച മുമ്പ് നമ്മൾ വാർത്തകളിൽ വായിച്ചറിഞ്ഞതാണ് എട്ടു വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിൽ ഇട്ട് അമ്മ കൊലപ്പെടുത്തി പോലീസിൽ സ്വയം കീഴടങ്ങി എന്ന വാർത്ത. പെരുങ്ങൂഴിയിൽ നടന്ന സംഭവം ആയതിനാൽ അവിടെയുള്ള ബന്ധുക്കളോട് വിവരം തിരക്കി. അപ്പോൾ അറിഞ്ഞു ആ അമ്മയ്ക്ക് മുന്നിൽ അതല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു. അർബുദ ബാധിതനായ ഭർത്താവിനെയും കൊണ്ട് ചികിത്സയ്ക്ക് പോകുമ്പോൾ ഈ പൊന്ന് മോളെ വിട്ടിട്ട് പോകുവാൻ അവർക്ക് ഒരു ഇടം പോലും ഇല്ലായിരുന്നു എന്ന്. ഇത്തരം കുഞ്ഞുങ്ങളെ അമ്മമാർക്ക് അല്ലാതെ മറ്റാർക്കും എളുപ്പത്തിൽ കെയർ ചെയ്യാൻ പറ്റില്ല എന്നത് ഒരു യാഥാർഥ്യമാണ്. ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി യാതൊരു വിധത്തിൽ ഉള്ള സാമൂഹ്യ സുരക്ഷയും നല്കാൻ കഴിയാത്ത സമൂഹത്തിൽ ആരെയാണ്, എവിടെയാണ് ആ പെൺകുഞ്ഞിനെ ആ അമ്മ ഏൽപ്പിക്കുക.? ഇവിടുത്തെ സർക്കാർ സ്പെഷ്യൽ സ്‌കൂളുകളിലെ സംവിധാനങ്ങൾ എന്തൊക്കെയാണ്?

ഭിന്നശേഷി എന്ന ഒരൊറ്റ ടാഗ് ലൈൻ കൊണ്ട് കെട്ടി ഇടേണ്ടവർ അല്ല മെന്റലി ഡിസബിൾഡ് അവസ്ഥയിൽ ഉള്ള കുഞ്ഞുങ്ങൾ. മെന്റലി ഡിസബിൾഡ് ആയ കുഞ്ഞുങ്ങൾ എല്ലാം ഓട്ടിസ്റ്റിക് അല്ല. ഓട്ടിസം , ഔപചാരികമായി ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ( ASD ) എന്ന് വിളിക്കപ്പെടുന്നു. അതിൽ തന്നെ പല ലെവൽ ഉണ്ട്. നമ്മുടെ സർക്കാർ സ്പെഷ്യൽ സ്കൂളുകൾ എല്ലാവരെയും ഉൾക്കൊള്ളുവാൻ തക്ക സംവിധാനം ഉള്ളതോ അതിന് സ്‌പെഷ്യൽ ട്രെയിൻഡ് ആയ ടീച്ചേഴ്‌സ് ഉള്ളതോ ഒന്നും അല്ല. പക്ഷേ പല ഇടത്തും സ്‌പെഷ്യൽ സ്കൂളുകൾ ഉണ്ട്. അവിടെ എല്ലാത്തരം കുട്ടികളും മിക്സഡ് അപ്പ് ആയി ആർക്ക് എങ്ങനെ എന്ത്‌ ട്രെയിനിങ് എന്നൊന്നും ഇല്ലാതെ രാവിലെ പോയി വൈകിട്ട് വരുന്ന വെറും ഡേ കെയർ സെന്റർ ആയി പ്രവർത്തിക്കുന്നു. അതാണ് സത്യം.

ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ ഓരോ അമ്മയും ഒന്നിൽ നിന്നും പുതുതായി മറ്റൊരു അമ്മയായി ജനിക്കുന്നു എന്നതാണ് സത്യം. ഒട്ടും എളുപ്പമല്ല അത്തരം ഒരു കുഞ്ഞുമായി ഓരോ ദിവസവും മുന്നോട്ട് പോകേണ്ടുന്ന അവസ്ഥ, പ്രത്യേകിച്ച് അവർ വലുതായി തുടങ്ങുമ്പോൾ. ശരീരം മാത്രമേ വളരുന്നുള്ളൂ, മനസ്സ് അങ്ങനെയല്ല എന്ന് വരുമ്പോൾ അവരുടെ mood സ്വിങ്സ് അനുസരിച്ച് നിൽക്കണം. ഒട്ടുമേ എളുപ്പം അല്ലാത്ത അവസ്ഥ തന്നെയാണ് അത്. പ്രീത എന്ന സോഷ്യൽ ആക്റ്റീവിസ്റ്റ് തന്റെ മകൻ സിദ്ധുവിനെ ( സിദ്ധാർഥ് ( പ്രതി ഇടുന്ന ഓരോ പോസ്റ്റിലും വളരെ വ്യക്തമായി അവർ കടന്നുപോകുന്ന വെല്ലുവിളികളെ കുറിച്ച് വിശദമായിട്ട് എഴുതാറുണ്ട്. Pseudo ആക്റ്റിവിസ്റ്റ് കം ഫെമിനിസ്റ്റുകൾ അരങ്ങു വാഴുന്ന സാംസ്‌കാരിക കേരളത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചു നില്ക്കുന്ന രണ്ട് വ്യക്തിത്വങ്ങളായി സ്നേഹം തോന്നിയിട്ടുള്ളത് രണ്ടേ രണ്ട് പേരോട് മാത്രം. അത് ഈ പ്രീതയോടും പിന്നെ ജസ്‌ലയോടും മാത്രമാണ്.

ഗോപിനാഥ്‌ മുതുകാടിനെതിരെ പ്രീത ഉന്നയിക്കുന്ന ആരോപണങ്ങളിൽ എത്രത്തോളം കഴമ്പ് ഉണ്ടെന്ന് ഒന്നും അറിയില്ല.എന്തായാലും കുറേ നാളുകൾ ആയിട്ട് ഈ വിഷയം അവർ പ്രെസെന്റ് ചെയ്യുന്നുണ്ട്. ഇപ്പോൾ പല കോണുകളിൽ നിന്നും ആരോപണം ഉയർന്ന സ്ഥിതിക്ക് അതിനൊക്കെ വ്യക്തമായ മറുപടി നൽകേണ്ടത് ശ്രീ ഗോപിനാഥ്‌ മുതുകാട് ആണ്. സർക്കാരിന്റെ സകല ഇടങ്ങളിലും ഭിന്നശേഷിയെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമാണ്. II FK, കേരളീയം, നവകേരള സദസ്സ് എവിടെയും ഭിന്നശേഷി സംരക്ഷകൻ എന്നാൽ ഇദ്ദേഹമാണ്. ആ നിലയിൽ ഈ ആരോപണങ്ങളിലെ നെല്ലും പതിരും കണ്ടെത്തി പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട ബാധ്യത സർക്കാരിനും ഉണ്ട്. സർക്കാരിന്റെ കൂടി സാമ്പത്തിക പിന്തുണ ലഭിക്കുന്ന ഒരു സ്ഥാപനത്തിൽ , കാര്യങ്ങൾ നന്നായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് ഉണ്ട്.

തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പോയിട്ടുണ്ട്. അവിടുത്തെ കുട്ടികളുടെ കലാ പരിപാടികളും visitors ന് വേണ്ടി ഒരുക്കിയിട്ടുള്ള എന്റർടൈൻമെന്റ് പരിപാടികളും ഒക്കെ കാണുകയും പങ്കെടുക്കുകയും ചെയ്തു. പോഷ് രീതിയിൽ ഉള്ള, ഒരു കോർപ്പറേറ്റ് ഫാമിലി എന്റർടൈൻമെന്റ് സെന്ററിന് വേണ്ട സകലതും അവിടെയുണ്ട്. അത് അവരുടെ ബിസിനസ്സ്. എങ്കിലും ഒന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവിനെ പുറത്ത് കൊണ്ടുവരാനും അത് നമ്മുടെ മുന്നിൽ അവതരിപ്പിക്കാനും അതു വഴി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും ഒക്കെ ഈ സ്ഥാപനം വലിയ പങ്ക് വഹിക്കുന്നുണ്ട്. മാത്രവുമല്ല ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ മാറ്റി ഇരുത്തപ്പെടേണ്ടവർ അല്ലെന്നും അവർ നോർമൽ കുട്ടികളേക്കാൾ സ്‌പെഷ്യലി ഏബിൽഡ് ആയവർ ആണെന്നും ഉള്ള ഒരു പൊതുബോധ നിർമ്മിതിക്ക്, വളരെ പോസിറ്റീവ് ആയ ഒരു മൈൻഡ് സെറ്റിനു അയാൾ കാരണം ആയിട്ടുണ്ട്.

അതിനാൽ തന്നെ ഈ ഒരു വിഷയത്തിൽ ഏതെങ്കിലും ഒരു പക്ഷം പിടിച്ചു, രാഷ്ട്രീയം മാത്രം നോക്കി അഭിപ്രായം നടത്തുന്നത് ഭൂഷണം അല്ല. നെല്ലും പതിരും തെളിയുന്നത് വരെ നമുക്ക് കാത്തിരിക്കാം. ഏപ്രിൽ 2 ന് ഓട്ടിസം അവബോധ ദിനം വരുമ്പോൾ മാത്രം എന്തെങ്കിലും പേരിന് മാത്രമായ ചടങ്ങ് സംഘടിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇപ്പോൾ ഈ വിവാദം ഏറ്റുപ്പിടിക്കുന്ന നമ്മൾ അവരെ കുറിച്ച്, അവരുടെ മാതാപിതാക്കൾ നിത്യവും നേരിടുന്ന പരീക്ഷണങ്ങളെ കുറിച്ച് അറിയുവാൻ ശ്രമിക്കാറുണ്ടോ? അച്ഛന്റേയും അമ്മയുടേയും കാലശേഷം ഇവരുടെ ജീവിതം പലപ്പോഴും ഒരു ചോദ്യ ചിഹ്നം ആണ്.അങ്ങനെ വരുമ്പോൾ അതിന് ഒരു ഉത്തരം ആര്, എങ്ങനെ, എന്ത്‌ എന്ന് ഇന്നേ വരെ നമ്മളിൽ എത്രപേർ ചിന്തിച്ചിട്ടുണ്ട്.? ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് ആണല്ലോ. കൺകെട്ട് വിദ്യ കൊണ്ട് എക്കാലത്തും എല്ലാവരുടെയും കണ്ണുകൾ മൂടിവയ്ക്കുവാൻ കഴിയില്ലല്ലോ. സത്യമേവ ജയതേ 🙏🙏🙏

Prime Reel News