പിഴവ് മനസ്സിലാക്കി മനസ്സിൽ തട്ടുന്ന പോലെ ക്ഷമാപണം നടത്തുമ്പോഴാണ് ഏതൊരു വ്യക്തിയും മനുഷ്യൻ എന്ന നിലയിൽ ഉയരുന്നത്; പബ്ലിക് സ്‌പേസ് ആയാലും പ്രൈവറ്റ് സ്‌പേസ് ആയാലും അടുത്തൊരാളോട് അടുപ്പം കാണിക്കുമ്പോൾ അവരുടെ താല്പര്യം കൂടി അറിയാൻ ശ്രമിക്കുക

മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വച്ചു അപമര്യാദയായി പെരുമാറിയെന്ന പേരിൽ സുരേഷ് ഗോപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമ പ്രവർത്തക. ഈ വിഷയത്തിൽ അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് വായിക്കാം.

 

“എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..! ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. SORRY SHIDA…!!
ഒരു ജന്റിൽമാൻ ആയ മനുഷ്യന് മാത്രം സാധ്യമാവുന്ന, ഹൃദയത്തിൽ നിന്നും വരുന്ന ആത്മാർത്ഥമായ ക്ഷമാപണം. പിഴവുകൾ സംഭവിക്കുക എന്നത് മനുഷ്യ സഹജമാണ്.

 

ആ പിഴവ് മനസ്സിലാക്കി മനസ്സിൽ തട്ടുന്ന പോലെ ക്ഷമാപണം നടത്തുമ്പോഴാണ് ഏതൊരു വ്യക്തിയും മനുഷ്യൻ എന്ന നിലയിൽ ഉയരുന്നത്. ആത്മാർത്ഥമായ ഒരു ക്ഷമാപണത്തിന്റെ ആദ്യപടി നമ്മൾ ചെയ്തത് തെറ്റാണെന്ന് അവരോട് തുറന്ന് സമ്മതിക്കുക എന്നതാണ്. ഷിദ എന്ന പെൺകുട്ടിക്ക് ഉണ്ടായ അനിഷ്ടത്തിന്റെ തോത് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായപ്പോൾ ഏത് വിദ്വേഷത്തെയും കട പിഴുത് എറിയുന്ന ആ മാജിക്കൽ വാക്ക് ” സോറി “ഹൃദയത്തിൽ നിന്നും വന്നു.

 

വീട്ടിലായാലും സമൂഹത്തിലായാലും ക്ഷമയും അതു പ്രകടിപ്പിക്കാനുള്ള സന്മനസ്സും ഉണ്ടെങ്കിൽ മഞ്ഞുമല ഉരുകും പോലെ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിനു മാറ്റമുണ്ടാകും എന്ന് അദ്ദേഹം തെളിയിച്ചു. വാത്സല്യവും സ്നേഹവും ഒക്കെ പ്രകടിപ്പിക്കേണ്ട വേദിയും ആളുകളും എന്താണെന്നും ഏതാണെന്നും ഉള്ള പാഠം ഈ ഒരു അനുഭവം കൊണ്ട് അദ്ദേഹത്തിന് ഉണ്ടാകണം.

 

നമുക്ക് ചുറ്റിലും ഉള്ള മനുഷ്യർ വ്യത്യസ്തരാണ്. എന്റെ ഇഷ്ടമോ അനിഷ്ടമോ ആവില്ല അടുത്തൊരാളുടേത്. പബ്ലിക് സ്‌പേസ് ആയാലും പ്രൈവറ്റ് സ്‌പേസ് ആയാലും അടുത്തൊരാളോട് അടുപ്പം കാണിക്കുമ്പോൾ അവരുടെ താല്പര്യം കൂടി അറിയാൻ ശ്രമിക്കുക. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ എത്രയൊക്കെ നന്മ പേറുന്ന ഹൃദയത്തിന് ഉടമ ആയാലും ഉള്ളിൽ തിളച്ചു പൊന്തുന്നത് മക്കളോടുള്ള തരം വാത്സല്യം ആയാലും അത് ആ സന്ദർഭത്തെ സാധൂകരിക്കാനുള്ള കാരണങ്ങൾ അല്ല എന്ന് മനസ്സിലാക്കുക തന്നെ വേണം.

 

ആ ഒരു വാത്സല്യഭാവത്തോട് അവർ comfort അല്ലാത്തിടത്തോളം അതിനെ മാനിക്കുക തന്നെ വേണം. പിന്നെ ഈ ഒരു ക്ഷമാപണം തന്നെയാണ് SG എന്ന മനുഷ്യനെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ജീവിക്കുന്ന ഇടത്തിൽ ആയാലും പൊതു സ്ഥലത്ത് ആയാലും പ്രെസ്സ് മീറ്റിൽ ആയാലും വായിൽ നിന്നും വരുന്ന പുഴുത്ത മാലിന്യത്തെ പേറുന്ന ഒരാളെ വെളുപ്പിക്കാൻ കച്ച കെട്ടി നിന്നവർക്ക് SG ഒരു ആയുധമേ അല്ല. കാരണം ആ മനുഷ്യന്റെ ഒരു രോമത്തിന്റെ വില പോലും മദ്യം ഉള്ളിൽ ചെല്ലുമ്പോൾ അടുത്ത ഒരുത്തന്റെ ഭാര്യയെ കുറിച്ച് ഏറ്റവും മലിനമായ പദപ്രയോഗം നടത്തുന്ന വിന ആയ നായകൻ അർഹിക്കുന്നില്ല എന്നത് കൊണ്ട് തന്നെ.

 

 

NB : ഒന്നോ രണ്ടോ മൂന്നോ പെൺ മക്കൾ ഉള്ളത് കൊണ്ട് എല്ലാവരോടും പുത്രീസവിശേഷമായ വാത്സല്യം കാണിച്ചാൽ എല്ലാവരും അത് ആ സെൻസിൽ എടുക്കണമെന്ന് പറയുന്നവരോട് മാത്രം ഒന്ന് പറയട്ടെ – ഇന്ന് നിങ്ങളുടെ രാഷ്ട്രീയം കൊണ്ടോ ആരാധന കൊണ്ടോ ഈ ഒരു പ്രവൃത്തിക്ക് കയ്യടിച്ചാൽ നാളെ മറ്റൊരാൾ അത് മറയാക്കി നിങ്ങളുടെ വീട്ടിലെ പെണ്മക്കളെ അവരുടെ അനുവാദം ഇല്ലാതെ സ്പർശിച്ചാൽ ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് അർഹത ഇല്ലാതെ വരും. SG -അന്നും ഇന്നും എന്നും ഇഷ്ടം

Prime Reel News

Similar Posts