അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കുമെന്നൊരു ചൊല്ലുണ്ട്, റൂട്ട് ക്ലിയറൻസ് എന്ന പേരിൽ പോലീസ് കാട്ടിക്കൂട്ടുന്ന കോപ്രായം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു
അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കുമെന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ ! കൂടിയ ലെവൽ അല്പന്മാരെ ഉദ്ദേശിച്ചാണെങ്കിൽ അതിനേക്കാൾ ലേശം നാറ്റം കൂടി വമിക്കുന്ന മറ്റൊരു ചൊല്ല് കൂടി ഉണ്ട്. ഇടാത്തവൻ ഇടുമ്പോൾ ലോഡ് കണക്കിന് ആറാട്ട് എന്നർത്ഥം വരുന്ന ആ ചൊല്ല് ഇപ്പോൾ കുറിക്കുന്നില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി തലസ്ഥാന നഗരിയിലെ ജനങ്ങൾ അർദ്ധരാത്രിയിലെ ഈ കുട പിടിക്കൽ പകൽവെളിച്ചത്തിൽ കണ്ട് നട്ടം തിരിഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയിലെ പെരുമഴക്കാലത്ത് ഈ കുട പിടിക്കലിന്റെ അസ്കിത വല്ലാണ്ട് കൂടി മറ്റേ ആറാട്ട് ലെവലിൽ ആയപ്പോൾ അതിൽ നട്ടം തിരിഞ്ഞു പോയ കുറേ മനുഷ്യരുണ്ട്. അവരിൽ കൊച്ചു കുഞ്ഞുമായി യാത്ര ചെയ്ത സ്ത്രീയുണ്ട്. പിന്നെ ഭിന്നശേഷിക്കാരായ ആറു കുട്ടികൾ ഉണ്ട്, പിന്നെയും ഒരുപാട് പേരുണ്ട്.!!
പറഞ്ഞു വന്നത് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ സുരക്ഷ വാഹനവ്യൂഹവും റൂട്ട് ക്ലിയറൻസും കാരണം പൊറുതി മുട്ടുന്ന മനുഷ്യരെ കുറിച്ചാണ്. കേരളം ഭരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയല്ല സഖാവ്.പിണറായി വിജയൻ. എന്നാൽ കേരളം ഇന്നോളം ഭരിച്ചതിൽ വച്ച് ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് അദ്ദേഹം. ഒപ്പം തന്നെ വോട്ട് കുത്തിയ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി നടക്കുന്ന ധാർഷ്ട്യമുള്ള ജനനായകനുമാണ് അദ്ദേഹം.!!!
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ജനിച്ചു വളർന്ന, അല്ലെങ്കിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉറപ്പായിട്ട് പറയുവാൻ കഴിയുന്ന ഒരു കാര്യമുണ്ട്. യശ:ശരീരരായ ശ്രീ.കരുണാകരനും നായനാറും ഒക്കെ ഭരിച്ചിരുന്ന സമയത്തെ ക്ലിഫ് ഹൗസ്, ജനകീയരായ സഖാവ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിയായി വാണ അതേ ക്ലിഫ് ഹൗസ്, അതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് സഖാവ്. പിണറായി ഭരിക്കുമ്പോഴത്തെ ക്ലിഫ് ഹൗസ് എന്ന മന്ത്രിമന്ദിരം. ഇപ്പോൾ അവിടം ഹിറ്റ്ലർ ഭരിക്കുന്നിടം പോലെയുള്ള ഒരു ഏകാധിപതി ജീവിക്കുന്ന മേടയായി മാറിയിരിക്കുന്നു, അല്ല മാറ്റപ്പെട്ടു.!! ഉമ്മൻ ചാണ്ടി സാർ ഭരിച്ചിരുന്ന നാൾ വരെ ക്ലിഫ് ഹൗസിനുള്ളിലെ റോഡിലൂടെ നടന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോകുവാൻ വിലക്ക് ഉണ്ടായിരുന്നില്ല.
ശ്രീ. നായനാർ സഖാവിൻ്റെയും സഖാവ്. അച്യുതാനന്ദൻ്റെയും കീഴിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോഴും ക്ലിഫ് ഹൗസിനും പരിസര പ്രദേശങ്ങൾക്കും ഒരു മാറ്റവും വന്നില്ല. മുണ്ടും ഷൂസും ധരിച്ച് ക്ലിഫ് ഹൗസ് അങ്കണത്തിൽ ഉലാത്തുന്ന സഖാവ് നായനാരും പച്ചക്കറി തോട്ടം നനയ്ക്കുന്ന ശാരദ ടീച്ചറും ഒക്കെ പരിസരവാസികൾക്ക് നല്ല സുഖമുള്ള നനുത്ത ഓർമ്മകളാണ്. ജനകീയരായി ജനഹൃദയങ്ങൾ കീഴടക്കിയ നല്ല ജനനായകന്മാരായിരുന്നു അവരെല്ലാം.
തങ്ങളുടെ ഔദ്യോഗിക പദവി കാരണം സാധാരണക്കാരായ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരരുതെന്ന് നിഷ്ഠയുണ്ടായിരുന്ന റിയൽ ജനസേവകന്മാരാണ് അവർ !! ഉമ്മൻ ചാണ്ടി സാർ ഭരിക്കുമ്പോൾ അദ്ദേഹം വരുന്നതും പോകുന്നതും ഒന്നും പരിസരത്തുള്ളവർ അറിയുക പോലുമില്ല. അകമ്പടി വാഹനങ്ങളില്ലാതെ ക്ലിഫ് ഹൗസ് – നന്തൻകോട് വഴിയും ക്ലിഫ് ഹൗസ് – പ്ലാമൂട് റോഡ് വഴിയും ഒക്കെ സഞ്ചരിച്ചിരുന്ന കേരളം കണ്ട എക്കാലത്തെയും ജനകീയനായ മുഖ്യൻ!!
എന്നാൽ ഇന്ന് സഖാവ്. പിണറായി വന്നതോടെ കഥയാകെ മാറി. നന്തൻകോട് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ, കവടിയാർ മുതൽ ക്ലിഫ് ഹൗസ് വരെ, വെള്ളയമ്പലം മുതൽ ക്ലിഫ് ഹൗസ് വരെ തുടങ്ങി പലയിടങ്ങളിലായി പോലീസ് കാവൽ. ക്ലിഫ് ഹൗസ് റോഡ് വഴിയുള്ള റോഡ് പൊതുജനങ്ങൾക്കായി വിലക്കി. അതൊക്കെ സഹിക്കാം. പക്ഷേ റൂട്ട് ക്ലിയറൻസ് എന്ന പേരിൽ പോലീസ് കാട്ടിക്കൂട്ടുന്ന കോപ്രായം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. തിരുവനന്തപുരം നഗരവാസികൾക്ക് ഈ കോപ്രായം ഇപ്പോൾ പരിചിതം എങ്കിലും മറ്റുള്ളവർക്ക് അങ്ങനെയല്ല.
മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും.
പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം പലവട്ടം ഈ ദുരിതം താണ്ടുന്നുണ്ട് നഗരവാസികൾ. ഇപ്പോൾ നഗരം വിട്ടു നാട് ചുറ്റാൻ ഇറങ്ങിയ മന്നന്റെ ഹുങ്ക് കണ്ട് അന്തിച്ചു നിൽക്കുന്നുണ്ട് മറ്റു ജനങ്ങൾ. ഇന്നലെ കൊല്ലത്തുള്ളവർക്ക് നേരെ ആയിരുന്നു അർദ്ധരാത്രിയിലെ ഈ ഈ കുടപിടിക്കൽ എന്നാണ് വാർത്തകളിൽ നിന്നും അറിഞ്ഞത്. വാഹനവ്യൂഹം ഹോണ്‍ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടര്‍ന്ന് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു് വിദ്യാര്‍ത്ഥികളെയാണ് ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതാണ് പാവം വിദ്യാർത്ഥികൾ. ഇപ്പോൾ അവരെ വിട്ടയച്ചുവെന്ന വാർത്ത കേട്ടു. കരുതൽ ഉള്ള കാരണഭൂതൻ ഭരിക്കുന്ന നാട്ടിൽ ഇനി വരാൻ ആ പിള്ളേർ മടിക്കും. ഇന്നലെ മുഖ്യൻ വരുന്ന വഴിവക്കിൽ, അതായത് എംസി റോഡിൽ ഒക്കെ സുരക്ഷയുടെ പേരിൽ കൊടും മഴയത്ത് മണിക്കൂറോളം കുടുങ്ങി പോയിരുന്നു നിസ്സഹായരായ ജനങ്ങൾ. ഒരു വിരൽ ചെയ്ത കുറ്റത്തിന് ഇത്ര മേൽ പിഴ ജനാധിപത്യം നൽകുമെന്ന് അവർ കരുതിയിട്ടുണ്ടാവില്ല!!
എന്തൊക്കെ നടന്നാലും ഇനി ജനങ്ങളുടെ നെഞ്ചത്ത് തന്നെ ഏമാൻ്റെ ചീറിപ്പായുന്ന വാഹനവ്യൂഹം കയറി ഇറങ്ങിയാലും ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അന്തംസുകൾ ഉള്ളിടത്തോളം കാലം നാല്പതല്ല, എൻപത് വാഹനങ്ങൾ വേണേലും ഡബിൾ ചങ്കുള്ള സഖാവിന് അകമ്പടി സേവിക്കും. ഏത് പാതിരാത്രിയിലും ഇനി ഇടി വെട്ടി മഴ പെയ്താലും റോഡ് മൊത്തം കുത്തിഒലിച്ചു പോയാലും സ്ത്രീ സുരക്ഷയ്ക്ക് മതിൽ കെട്ടിയ കേരളത്തിൽ സ്ത്രീകളെ ഒറ്റയ്ക്ക് റോഡിൽ നിറുത്തും!! ഭിന്നശേഷി ഉള്ള പിള്ളേരെ ഇള്ളോളം സമയം കൂടുതൽ കസ്റ്റഡിയിൽ ഇരുത്തിയാലും എന്താ, പൊന്നമ്പ്രാൻ വക കിറ്റ് ക്രിസ്തുമസിന് കിട്ടുവല്ലോ!!! അപ്പൊ അർദ്ധരാത്രിയിലെ കുട പിടിക്കൽ പെരുമഴയത്ത് ഉഷാറായി നടക്കട്ടെ!!!അന്തംസ് ആ കുട പിടുത്തം കണ്ട് ആനന്ദിച്ചാട്ടെ!!!
