ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നത് പോലെ; ഗുരുവായൂർ കല്യാണ വിവാദം അടപടലം തേഞ്ഞു കഴിഞ്ഞപ്പോൾ ദേ അടുത്തത് പൊക്കി ക്കൊണ്ട് വന്നിരിക്കുന്നു സൈബർ വെട്ടുക്കിളികൾ; അഞ്ജു പാർവതി

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ചർച്ചയിൽ അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്, രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം തുടക്കം മുതൽ ഇടത് സൈബർ ലോകം ശത്രുവായി കാണുന്ന ഒരു മനുഷ്യൻ. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നത് പോലെ സുരേഷ് ഗോപി എന്ന മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും എന്ത്‌ ചെയ്താലും അതിൽ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന കുറേ കുഴിത്തുരുമ്പ് മനുഷ്യർ.!!

ഗുരുവായൂർ കല്യാണ വിവാദം അടപടലം തേഞ്ഞു കഴിഞ്ഞപ്പോൾ ദേ അടുത്തത് പൊക്കി ക്കൊണ്ട് വന്നിരിക്കുന്നു. മകളുടെ വിവാഹ നേർച്ചയായിട്ട് തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയിട്ടുണ്ട് സൈബർ വെട്ടുക്കിളികൾ !! കൊല്ലം ഇൻഫെന്റ് ജീസസ് കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ സുരേഷ് ഗോപിക്ക് സ്വന്തം വിശ്വാസത്തിനൊപ്പം ക്രൈസ്തവ വിശ്വാസം ഉണ്ടാവുക സ്വാഭാവികം എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത വിവരം കെട്ട കുറേ മനുഷ്യർ. അവർ ഉണ്ടാക്കുന്ന കോലാഹലം!!

ഈ സുരേഷ് ഗോപി എന്ന വ്യക്തി രാഷ്ട്രീയക്കാരനാവും മുമ്പ്, വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാർ ആവും മുമ്പേ തിരുവനന്തപുരം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിൽ പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് മുടങ്ങാതെ അന്നദാനം നടത്തിയിരുന്ന കാര്യം തിരുവനന്തപുരത്ത് പരസ്യമായ രഹസ്യമാണ്. പള്ളിവക സേവനങ്ങളിൽ എല്ലാം ആ മനുഷ്യന്റെ പങ്ക് എത്ര മാത്രം വലുതാണ് എന്ന് വലിയതുറയിലെ ഓരോ മനുഷ്യർക്കും അറിയാം. അതായത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയത് അല്ല സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും മാതാവിനോടും ജീസസിനോടും ഉള്ള വിശ്വാസം, സ്നേഹം എന്നർത്ഥം.

വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന തത്വം ജീവിതത്തിൽ പാലിച്ചിരുന്ന ഒരു മനുഷ്യൻ ആയത് കൊണ്ടും വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ സ്വകാര്യം ആയത് കൊണ്ടും പണ്ടൊക്കെ അയാൾ ചെയ്തിരുന്ന പല കാര്യങ്ങളും പരസ്യം ആയില്ല എന്ന് മാത്രം. അത് കൊണ്ടാണ് ഇടത് വെട്ടുക്കിളികൾക്ക് ഇതൊക്കെ കാണുമ്പോൾ അസഹിഷ്ണുത തോന്നുന്നത്. ഓരോ വ്യക്തികൾക്കും ഈശ്വരൻ എന്നത് അവനവന്റേത് ആയ ഒരു വിശ്വാസമാണ്. എന്റെ പൂജാമുറിയിൽ എണ്ണമറ്റ ഹൈന്ദവ ദേവന്മാരുടെ ചിത്രങ്ങൾ ഉണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസ് തൊട്ട് ചേമ്പ് ശില്പങ്ങൾ ഉണ്ട്. അതിന്റെ ഇടയ്ക്ക് വേളാങ്കണ്ണി മാതാവ് ഉണ്ട്, ഉണ്ണിയേശുവും ഉണ്ട്.പിന്നീട് ഉള്ള ഇത്തിരി സ്പെയിസിൽ സായി ബാബയും ഷിർദ്ദി ബാബയും ഉണ്ട്. അവരൊക്കെ ഉള്ളിടത്ത് തന്നെ ഒരു ചെറു പീഠത്തിൽ ബീമാപള്ളിയിൽ നിന്ന് കിട്ടിയ പച്ചപ്പട്ടിന്റെ ചെറു കഷണവും ഉണ്ട്. വൈകിട്ട് വീട്ടിൽ തിരി തെളിച്ചു രാമനാമം ജപിച്ചു ഇത്തിരി നേരം അവർക്കൊപ്പം ഇരിക്കുമ്പോൾ കിട്ടുന്ന മനസുഖം, പോസിറ്റീവ് ഫീൽ അതൊക്കെയാണ്‌ എനിക്ക് ദൈവങ്ങളിൽ ഉള്ള വിശ്വാസം.

നിർമ്മല ഭവൻ എന്ന കോൺവെൻറ് സ്കൂളിൽ പഠിച്ച എനിക്ക് സ്‌കൂളിന് നേരെ എതിരെയുള്ള ശ്രീ പരമശിവനെ കാണുമ്പോൾ കിട്ടുന്ന അതേ പോസിറ്റീവ് ഫീൽ സ്കൂളിന്റെ അകത്തുള്ള ചാപ്പലിൽ ചെല്ലുമ്പോഴും കിട്ടിയിരുന്നു. ഒരു പക്ഷെ കോൺവെൻറ് സ്‌കൂളുകളിൽ പഠിച്ചവർക്ക് പലർക്കും പറയാനുണ്ടാവും ഇത്തരം ഒരു അനുഭവം. വൈ എം ആർ അയ്യപ്പ സ്വാമിയേ കണ്ട് തൊഴുത ശേഷം മെല്ലെ നടന്നു നന്ദൻകോട് തിരുഹൃദയ ദേവാലയത്തിലെ കപ്പേളയ്ക്ക് മുന്നിലെ സിമെന്റ് ബെഞ്ചിൽ പോയി ഇരുന്ന് മാതാവിനെയും ഒക്കത്തുള്ള ഉണ്ണി ഈശോയെയും കണ്ട് മെഴുകുതിരിയും കത്തിച്ചു തിരികെ വരുമ്പോൾ മനസ്സിന് കിട്ടുന്ന ഊർജ്ജം അതാണ് എനിക്ക് ഈശ്വരനിൽ ഉള്ള വിശ്വാസം!!

മതം തലയ്ക്ക് പിടിക്കാത്ത സാധാരണ മനുഷ്യർക്ക് ദേവാലയങ്ങൾ എന്നത് ഈശ്വരൻ വസിക്കുന്ന ഇടം എന്ന് മാത്രമാണ് അർത്ഥം. പല പേരുകളിൽ അറിയപ്പെടുന്ന സർവ്വശക്തനായ പ്രപഞ്ചനാഥൻ!! അങ്ങനെയുള്ളവർക്ക് അമ്പലത്തിൽ പോകുന്ന അതേ പോസിറ്റീവ് ഫീൽ ഇതര മത ദേവാലയങ്ങളിൽ പോയാലും കിട്ടും. അതിന് ഹൃദയം ശുദ്ധമായിരിക്കണം എന്ന് മാത്രം. അങ്ങനെയുള്ളവർക്ക് സുരേഷ് ഗോപി എന്ന വ്യക്തിയെ മനസ്സിലാവും.

കേവലം നാല് വോട്ട് കിട്ടുവാൻ വേണ്ടി സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞു, ഇതര മതമാണ് മഹത്തരം എന്ന് ഉദ്ഘോഷിക്കുന്ന കപട മതേതരന്മാർക്ക് അത് മനസ്സിലാവില്ല!!ഒരിക്കലും!!
എന്തിലും ഏതിലും വിവാദം കണ്ടെത്തുന്നവർക്ക് ഏതൊരു നല്ല കാര്യവും വെറും “ഷോ ” മാത്രമായിരിക്കാം. എന്നാൽ ചെയ്തതിന്റെ ഉദ്ദേശശുദ്ധി ചെയ്തയാൾക്ക് അറിയാവുന്നിടത്തോളം അയാൾ തന്റെ കർമ്മപാതയിലൂടെ ആരെയും ശ്രദ്ധിക്കാതെ നടന്നു പോകും. മറ്റുള്ളവർ കുരച്ചുകൊണ്ട് പിന്നാലെയും കൂടും.!!

Prime Reel News