9.39 കോടിയുടെ പ്രദർശനം തലസ്ഥാന നഗരിയിൽ നടത്തുന്നത് കൊണ്ടു ഇവിടുത്തെ പാവപ്പെട്ട നെല്ല് കർഷകരുടെ പ്രാരാബ്ദം തീരുമോ? കടം കൊണ്ട് ആടി ഉലഞ്ഞു അടിത്തട്ട് വരെ തകർന്നു തരിപ്പണമായ കപ്പലിന്റെ കേപ്റ്റൻ

മർദ്ദിതർക്കും ചൂഷിതർക്കും തൊഴിലാളി വർഗ്ഗത്തിനും വേണ്ടി അഹോരാത്രം പോരാടുന്നുവെന്നത് വെറും മിത്താക്കി മാറ്റിയ പാർട്ടി അധികാരത്തിൽ കയറിയത് പിണറായി സർക്കാരിന്റെ രാജകീയ പട്ടാഭിഷേകത്തെ കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങളിൽ എമ്പാടും മുൻപേജിൽ പ്രത്യക്ഷപ്പെട്ടത് പത്തു കോടി രൂപ ചിലവിട്ടാണ്. മുണ്ട് മുറുക്കി ഉടുത്തു ചിലവ് ചുരുക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കൊണ്ട് അധികാരത്തിൽ കയറിയ മന്നനും പരിവാരങ്ങളും ആദ്യമേ പരസ്യ ഇനത്തിൽ പൊടിച്ചത് കോടികൾ ആയിരുന്നു.!!

 

പൊതുജനത്തിന്റെ ചോരയും നീരും വലിച്ചെടുത്ത് തുടങ്ങിയ കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ഏർപ്പാട് ഇതാ നൂറ് കോടി വരെ ചിലവ് വന്നേക്കാവുന്ന കേരളീയം 2023 ൽ എത്തി നില്ക്കുകയാണ്. ഇപ്പോഴിതാ ഏഴ് ദിവസത്തേക്ക് തന്റെ ഫുൾ ഫിഗർ മുൻപേജിൽ ഫുൾപേജ് ആയിട്ട് കൊടുക്കാൻ കേപ്റ്റൻ ചിലവിടുന്നത് 4 കോടി രൂപയാണ് എന്ന് കേൾക്കുന്നു. സ്വന്തമായി ഒരു നാല് കാല് ഓലപ്പുര സ്വപ്നം കാണുന്ന പാവം മനുഷ്യർ തോട്ടുവരമ്പോരങ്ങളിൽ തകരപ്പാട്ടയും പ്ലാസ്റ്റിക്കും തുണിയും മറച്ചു അന്തി ഉറങ്ങുന്ന നാട്ടിലാണ് ഈ രീതിയിൽ ധൂർത്ത്.

 

സ്‌കൂളുകളിൽ ഉച്ചഭക്ഷണം വച്ചു കൊടുത്ത വകയിൽ പോക്കറ്റ് ശൂന്യമായ, കടവും കടമിട്ട വട്ടിയും മാത്രം സ്വന്തമായ ഹെഡ്മാസ്റ്റർമാർ പത്രം തുറക്കുമ്പോൾ കാണുന്നത് തങ്ങളുടെ ജീവിതം കോഞ്ഞാട്ടയാക്കിയ മൊതലിന്റെ ഫുൾഫിഗർ! ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായ, മരുന്ന് പോലും വാങ്ങാൻ പാങ് ഇല്ലാതെ തളർന്നിരിക്കുന്ന വൃദ്ധജനങ്ങൾക്ക് ഇവിടെ നടത്തുന്ന സെമിനാറുകൾ കൊണ്ട് വയറു നിറയുമോ? സെമിനാർ നടത്തുവാൻ വരുന്ന പ്രമുഖർക്ക് ചെല്ലും ചിലവിനും വേണ്ടി പൊടിക്കുന്ന ലക്ഷങ്ങൾ മതിയല്ലോ ആ പാവങ്ങളുടെ ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കാൻ!!

 

9.39 കോടിയുടെ പ്രദർശനം തലസ്ഥാന നഗരിയിൽ നടത്തുന്നത് കൊണ്ടു ഇവിടുത്തെ പാവപ്പെട്ട നെല്ല് കർഷകരുടെ പ്രാരാബ്ദം തീരുമോ? ആ പ്രദർശനത്തിന്റെ ഭാഗമായി ചിലവാക്കുന്ന കോടികൾ കൊണ്ട് അവർക്ക് കൊടുക്കേണ്ട കുടിശ്ശികയുടെ കുറേ ഭാഗം കൊടുക്കാമല്ലോ!! ചൈനീസ് കപ്പൽ വിഴിഞ്ഞത്ത് വന്നതിന് പൊടിച്ച ലക്ഷങ്ങൾ ഉണ്ടെങ്കിൽ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം ആവോളം നൽകാമായിരുന്നു.

 

 

ദീപാലങ്കാരത്തിന് ചിലവാക്കിയ 2 കോടി 97 ലക്ഷത്തിന്റെ പകുതി പോലും വേണ്ട കിടപ്പ് രോഗികളുടെ അലവൻസ് കൊടുത്തു തീർക്കാൻ. സ്കൂളിൽ ഉച്ചഭക്ഷണം കിട്ടിയില്ലെങ്കിലും കുഞ്ഞുങ്ങൾ ട്രൗസർ മുറുക്കി ഉടുത്തു ശീലിക്കണം. കാരണം ഈ രായാവും പരിവാരങ്ങളും കൂടി കട്ട് മുടിപ്പിക്കുന്ന, ധൂർത്ത് കൊണ്ടു ദീപാളി കുളിക്കുന്നതിന്റെ ഫലം അനുഭവിക്കേണ്ടത് ഈ കുട്ടികൾ വളർന്നു വരുമ്പോഴാണ്. അന്ന് കേരളം എന്ന് പറഞ്ഞാൽ ബാക്കിയാവുക പൂച്ച പെറ്റ് കിടക്കുന്ന ഖജനാവും തലയ്ക്കു മേലെയുള്ള കടവും മാത്രമാണ്.

 

 

സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് ചിലവഴിക്കുവാൻ പോകുന്ന 3 കോടി 14 ലക്ഷം കൊണ്ട് ശമ്പള കുടിശ്ശികയുടെ കുറേയെങ്കിലും കൊടുത്തു കൂടെ? ആ പാവം എൻഡോസൽഫാൻ ഇരകളുടെ വറുതിയുടെ നോവ് എങ്കിലും മാറ്റികൂടെ? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പൊറാട്ട് നാടകം കൊണ്ട് ഗുണം രാജാവിനും പരിവാരങ്ങൾക്കും മാത്രം. അല്ലാതെ ഇത് കൊണ്ട് സാധാരണ മനുഷ്യർക്ക് എന്ത്‌ ഗുണം??? ഒന്നരലക്ഷം കോടി രൂപയിൽ കിടന്ന കേരളത്തിന്റെ പൊതുകടം വെറും ഏഴര വർഷം കൊണ്ട് നാലേമുക്കാൽ ലക്ഷം കോടി രൂപയിൽ എത്തിച്ച ഫുൾഫിഗർ ആണിത്.!!!കടം കൊണ്ട് ആടി ഉലഞ്ഞു അടിത്തട്ട് വരെ തകർന്നു തരിപ്പണമായ കപ്പലിന്റെ കേപ്റ്റൻ!! അരി മണിയൊന്ന് കൊറിക്കാൻ ഇല്ല, തരിവളയിട്ട് നടക്കാൻ മോഹം എന്ന കുഞ്ചൻ നമ്പ്യാരിന്റെ വരികൾ ഈ ഫുൾഫിഗർ കാണുമ്പോൾ ഓർമ്മ വരുന്നു.

Prime Reel News

Similar Posts