സത്യം പറഞ്ഞാൽ പാലസ്‌തീനിലെ ജനങ്ങളോട് അലിവും സ്നേഹവും അവർക്ക് വേണ്ടി അലമുറ ഇടുന്ന ആർക്കുമില്ല എന്നതാണ് യാഥാർഥ്യം; അഞ്ജു
ഇസ്രായേൽ പലസ്തിൻ വിഷയത്തിൽ ലോകം ഞെട്ടിയിരിക്കുകയാണ്. ഈ വിഷയത്തിൽ തന്റേതായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.
സത്യം പറഞ്ഞാൽ പാലസ്‌തീനിലെ പാവം സിവിലിയൻസിനോട് ഹൃദയത്തിൽ തൊട്ട അലിവും സ്നേഹവും അവർക്ക് വേണ്ടി അലമുറ ഇടുന്ന ആർക്കുമില്ല എന്നതാണ് യാഥാർഥ്യം. അവരുടെ നരകയാതനയിൽ, അവിടെ പിടഞ്ഞു വീഴുന്ന സ്ത്രീകളും കൊച്ചു കുട്ടികളും ഉൾപ്പെടുന്ന നിരപരാധികളുടെ ശവശരീരങ്ങൾ വച്ച് മത മാർക്കറ്റിങ്, ജൂത വിരോധം ഇവ രണ്ടും പരമാവധി ഉണ്ടാക്കി എടുക്കുക എന്നത് മാത്രമാണ് പല രാജ്യങ്ങളുടെയും ലക്ഷ്യം.
അല്ലെങ്കിൽ സഹജീവിസ്നേഹവും സഹവർത്തിത്വവും ഒന്നും വേണ്ട വർഗ്ഗ -വംശസ്നേഹവും പ്രകടമാക്കേണ്ട ഏറ്റവും നിർണ്ണായകമായ ഈ സമയത്ത് അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് നിങ്ങൾ ഇവിടേയ്ക്ക് വരൂ എന്ന ക്ഷണം എത്ര രാജ്യങ്ങൾ പാലസ്‌തീൻ ജനതയോട് നടത്തിയിട്ടുണ്ട്?? യുദ്ധം ഹമാസും ഇസ്രായേൽ സൈന്യവും തമ്മിൽ അല്ലേ, അവർ പോരടിച്ചു തമ്മിൽ തീർക്കട്ടെ പകയും വൈരാഗ്യവും. അതുവരേയ്ക്കും ഇതിലൊന്നിലും ഉൾപ്പെടാത്ത പാവം മനുഷ്യരെ ഏറ്റെടുക്കാം എന്നും നിലവിലെ ഈ പ്രശ്നത്തിന് ഒരു തീരുമാനം ലോകരാഷ്ടങ്ങളും ഐക്യ രാഷ്ട്രസഭയും അറബ് രാഷ്ട്രങ്ങളും ചേർന്ന് നടത്തിയ ശേഷം ഇവരെ തിരികെ അവിടെ വിടാം എന്ന തീരുമാനം എത്ര അയൽ രാജ്യങ്ങൾക്ക് എടുക്കാൻ കഴിഞ്ഞു? ഒന്ന് പോലുമില്ല. അയൽ രാഷ്ട്രങ്ങളും ലിബറൽസും തീവ്രമതവാദികളും പറയുന്നത് പലസ്തീനികളോട് അവിടത്തന്നെ തുടരാനാണ്.
ഇതിൽ എവിടെയാണ് അവരോടുള്ള സ്നേഹം? ഒരു തെറ്റും ചെയ്യാതെ ആ ഭൂമിയിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്ക് എന്ത് മതം? എന്ത് മണ്ണ്? എന്ത് അതിർത്തി? അവരെയൊക്കെ കുരുതി കൊടുത്ത് കുറേ കല്ലുകൾക്ക് സംരക്ഷണം നൽകൂ എന്ന് ഏത് ദൈവമാണ് കല്പിച്ചത്? അറിയില്ല!!! മതത്തിന്റെ പേരിൽ എവിടെ യുദ്ധം നടന്നാലും അതിന് പിരി കയറ്റി കൊടുക്കുന്നവർക്ക് മനുഷ്യജീവനുകൾ അല്ല പ്രധാനം. മതവും പണ്ട് നടന്ന കുറേ കെട്ടുക്കഥകൾക്കും മാത്രമാണ് പ്രാധാന്യം.
രോഹിങ്ക്യകാർക്ക് വേണ്ടി കരഞ്ഞ എത്ര രാജ്യങ്ങൾ അവരെ അവരുടെ സ്വന്തം രാജ്യത്ത് അഭയാർഥികളായി വരൂ എന്ന് ക്ഷണിച്ചിട്ടുണ്ട്? ആരുമില്ല. മതങ്ങൾക്ക് എന്നും നിലനിന്ന് പോകണമെങ്കിൽ ഭൂമിയിൽ അശാന്തി ഉണ്ടാവണം. ഇരയുടെ സ്ഥാനത്തു എന്നും ആരെങ്കിലും വേണം. അത് രോഹിങ്ക്യൻ ആവട്ടെ, പലസ്തീനികൾ ആവട്ടെ എപ്പോഴും ലോകത്തിന് മുന്നിൽ തങ്ങൾ ഇരകൾ എന്ന് കാണിക്കാൻ മതരാഷ്ട്രവാദികൾക്ക് നിസ്സഹായരായ ഒരു ജനത വേണം. അതാണ് വാസ്തവം.!!
ചൈന എന്ന ചെന്നായ്ക്കൾ പുറത്താക്കിയ ഒരു വിഭാഗം ഉണ്ട് ഈ ലോകത്ത് -ടിബറ്റൻ ജനത. ഇന്ന് വരെ ഒരു ലിബറൽ മനുഷ്യസ്നേഹികളും അവർക്ക് വേണ്ടി കരഞ്ഞിട്ടില്ല, പിറന്ന മണ്ണിലേയ്ക്ക് അവരെ തിരികെ കൊണ്ട് വരണമെന്ന് പറഞ്ഞു നടന്നിട്ടുമില്ല. ഒരു കാലത്ത് സ്വന്തമായി പോസ്റ്റ് ഓഫീസും ഭരണവും ഒക്കെ ഉണ്ടായിരുന്ന ഒരു ജനതയായിരുന്നു ടിബറ്റൻ ബുദ്ധിസ്റ്റ് ജനത. എന്നിട്ട് അവരെ ആട്ടിയോടിച്ച ചൈനയെ ചങ്കിൽ ആവാഹിച്ചു പൂജിക്കുന്ന ലിബറലുകൾ ഇന്ന് മനുഷ്യാവകാശവും പിറന്ന മണ്ണ് തിയറിയും ഉളുപ്പ് ഇല്ലാതെ തട്ടിവിടുന്നു.
ആട്ടിയോടിക്കപ്പെട്ട തിബറ്റൻ ജനതയെ ഹൃദയം കൊടുത്ത് സ്വീകരിച്ച അയൽരാജ്യമാണ് ഇന്ത്യ.
ശാന്തത മാത്രം ശീലിച്ച ആ ജനത തങ്ങളെ ആട്ടിയോടിച്ച ചൈനയ്ക്ക് എതിരെ അവസരം വരുമ്പോൾ ആയുധം എടുത്ത് പോരാടണം എന്ന് അനുയായികളോട് ആഹ്വാനം ചെയ്തില്ല. ഇന്ത്യയിലെ ടിബറ്റൻ കോളനിയായ ബൈലക്കുപ്പയിൽ ഇന്ന് പതിനായിരത്തിലേറെ തിബറ്റൻ വംശജർ ആത്മാഭിമാനത്തോടെ തങ്ങളുടെ സ്വത്വം സംരക്ഷിച്ചു, ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് കഴിയുന്നു.
ആക്രമിക്കുന്നവരെ സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും നേരിടാൻ പഠിച്ച ടിബറ്റൻ ജനതയും പിറന്ന മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടി വന്നിട്ടും വെറുപ്പിന്റെ രാഷ്ട്രീയം പേറാൻ അറിയാത്ത കാശ്മീരി പണ്ഡിറ്റുകളും ആട്ടിയോടിക്കപ്പെട്ട തിബറ്റൻ ജനതയ്ക്ക് ഹൃദയം കൊണ്ട് അഭയം നല്കിയ ഭാരതവും ഒക്കെ ലോകത്തിന് നല്കുന്ന സന്ദേശമാണ് വിശ്വമാനവികതയുടെ സന്ദേശം.!!അത് ഉൾക്കൊള്ളണമെങ്കിൽ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന മതഭ്രാന്തും വോട്ട് ബാങ്ക് ഇര പിടിക്കലും ഒക്കെ എടുത്തു കളഞ്ഞു ഹൃത്തിനെ കഴുകി തുടച്ചു വൃത്തിയാക്കണം.!! ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
