ലജ്ജ കൊണ്ട് ഓരോ മലയാളിയും തല കുനിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിന്റേത്; കാമഭ്രാന്തന്മാർ യഥേഷ്ടം വിഹരിക്കുന്ന നാടായി മാറി പ്രബുദ്ധ കേരളം; അഞ്ജു പാർവ്വതി

ആലുവയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡന പരമ്പരയിൽ ഞെട്ടി ഇരിക്കുകയാണ് കേരളം, ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ദാരുണ സംഭവം അരങ്ങേറുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് അഞ്ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് താഴെ വായിക്കാം:

ലജ്ജ കൊണ്ട് ഓരോ മലയാളിയും തല കുനിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിന്റേത്. ആഭ്യന്തരം ഇത്രമേൽ ആഭാസമായ ഒരു കാലഘട്ടം ഇവിടെ ഉണ്ടായിട്ടില്ല. കുഞ്ഞുമേനികളിൽ കാമം തിരയുന്ന കാമഭ്രാന്തന്മാർ യഥേഷ്ടം വിഹരിക്കുന്ന നാടായി മാറിയ പ്രബുദ്ധ കേരളം.

ഒരു മാസത്തിന്റെ ഇടവേളയിൽ ഒരു കുടുംബത്തിലെ രണ്ട് കുരുന്നുകൾ മൃതശരീരമായി തൂങ്ങിയാടി നിന്ന വാളയാർ!!! അതിന് ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച വണ്ടിപ്പെരിയാർ!! അതിന്റെ ഞെട്ടൽ മാറും മുമ്പേ ആലുവയിലെ ആറു വയസ്സുകാരി പൊന്നുമോൾ. ആ സംഭവം നടന്നിട്ട് മാസം ഒന്ന് കഴിഞ്ഞതേയുള്ളൂ, അപ്പോഴേക്കും അതേ ആലുവയിൽ ഒൻപത് വയസ്സുള്ള കുട്ടിയെ വെളുപ്പിന് തട്ടിക്കൊണ്ടു പീഡിപ്പിച്ചു പാടത്തിൽ ഉപേക്ഷിച്ച സംഭവം. ഈ നാടിന്റെ പോക്ക് ഇത് എങ്ങോട്ടേയ്ക്കാണ്??

ആത്മവിശ്വാസം നല്കിയ അഞ്ച് വർഷങ്ങൾ എന്ന ബാനർ തുന്നിച്ചുക്കൊണ്ട് വീണ്ടും അധികാരത്തിൽ കയറിയ പിണറായി സർക്കാർ. ശരിക്കും അറം പറ്റിയ പോസ്റ്റർ ആയിരുന്നുവത്. പക്ഷേ ആർക്കായിരുന്നു ആത്മവിശ്വാസം ? കൊടും ക്രിമിനലുകൾക്കും ബലാൽസംഗികൾക്കും പിഡോഫീലുകൾക്കും കൊള്ളക്കാർക്കും ആത്മവിശ്വാസം നല്കിയ ഭരണം, അതിന്റെ തുടർച്ച!!അതാണ് പിണറായി സർക്കാർ.

പുരോഗമനവാദത്തിന്റെ കിന്നരിക്കെട്ടിയ തലപ്പാവുവെച്ച , സഖാവിന്റെ കുപ്പായത്തിനുളളിൽ ഭദ്രമായ ഇരിപ്പിടം കണ്ടെത്തിയ പീഡോഫീലുകൾക്ക് ആത്മവിശ്വാസം നല്കിയ ഭരണം ആയിരുന്നുവെന്ന് വാളയാറും വണ്ടിപ്പെരിയാറും നമുക്ക് കാണിച്ചു തന്നു. ആത്മവിശ്വാസം കൂടിയ തോതിലൊഴുകിയ എഴോളം വർഷങ്ങൾ തന്നെയായിരുന്നു നമ്മൾ കണ്ടത്. പക്ഷേ അത് ഇളംമേനികൾ കൊത്തിപ്പറിക്കാൻ തക്കംപ്പാർത്തിരുന്ന കഴുകന്മാർക്ക് മാത്രമായിരുന്നു !കള്ള് ഒക്കെ പോഷകാഹാരം ആയ നാട്ടിൽ, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടിൽ ഇവനെ പോലുള്ള ക്രിമിനലുകൾ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

മണിപ്പൂർ കണ്ടപ്പോൾ കഴുത്തു കുനിഞ്ഞുപ്പോയ കുറേ പ്രബുദ്ധ സാംസ്‌കാരിക നാറികൾ ഇവിടെയുണ്ട്. മണിപ്പൂറിനെക്കാളും ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലപാതകങ്ങളേക്കാൾ നിന്ദ്യമാണ് നാറികളേ കുഞ്ഞുമേനികളിൽ കാമം തീർത്ത് കെട്ടിത്തൂക്കുന്ന, പാടങ്ങളിൽ വിവസ്ത്രരായി ഉപേക്ഷിക്കുന്ന കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഹീനമായ ക്രൈമുകൾ. പുരസ്കാരപ്പെരുമയിലും താരസിംഹാസനങ്ങളിലും വിരാജിക്കുന്ന നീയൊക്കെ എന്തുകൊണ്ട് ചുറ്റും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിക്കുന്നു??

ഒരു റേപ്പ് ജോക്കിന്റെ മറപ്പിടിച്ച് സമൂഹമാധ്യമത്തിൽ ഖണ്ഡിക ഖണ്ഡികയായി ബലാത്സംഗത്തെക്കുറിച്ച് വാഴ്ത്താരി മുഴക്കിയ ഒരുവനും ഒരുത്തിക്കും ഇവിടെ തുടർച്ചയായി കുട്ടികൾക്ക് നേരെ നടക്കുന്ന ക്രൈമുകൾക്കെതിരെ ഒന്നും എഴുതാൻ ഇല്ല. .ആർപ്പോ ആർത്തവം ആഘോഷമാക്കാൻ മുന്നിൽ നിന്ന പടുജന്മങ്ങൾക്ക് ഒന്നിനും ഈ കുരുന്നുകളുടെ കൊലപാതകങ്ങൾ വിഷയമാവുന്നതേയില്ല.

അനുദിനം വാർത്തകളിൽ മാത്രം വികസിതമായ കേരളത്തിലെ ഇരട്ടചങ്കുള്ള മുഖ്യൻ കയ്യാളുന്ന ആഭ്യന്തരവകുപ്പിലെ പോലീസിന്റെ നിഷ്ക്രിയത്വം കൊണ്ട് ഇവിടെ കുരുന്നുകൾക്ക് നേരെ കാമഭ്രാന്തന്മാർ പാഞ്ഞടുക്കുകയാണ്. രാവെളുക്കുവോളം എല്ല് മുറിഞ്ഞ് പണിയെടുത്ത് തളർന്ന് നടുവ് ഒന്ന് നിവർക്കാൻ പോലുമാവാതെ ഒറ്റമുറി മുറികളിൽ ചുരുണ്ടു കൂടുന്ന അമ്മമാർ തങ്ങളുടെ പെൺകുരുന്നുകളെ എവിടെയാണ് ഒളിപ്പിക്കേണ്ടത്?

ഈ ഭരണത്തിൻ കീഴിൽ എന്ത് സ്ത്രീസുരക്ഷയാണ് ഇവിടെ ഉണ്ടായത് ? 50 ലക്ഷത്തിന്റെ വനിതാ മതിലിന്മേൽ എന്ത് സുരക്ഷിതത്വമാണ് സാധാരണസ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ലഭിച്ചത് ? രാജ്യത്തിലെ തന്നെ ഏറ്റവും ഹീനമായ നാലിലേറെ ചൈൽഡ് റേപ്പും ബ്രൂട്ടൽ മർഡറും ഒക്കെ നടന്നത് ഈ ഭരണത്തിൻ കീഴേയല്ലേ ? ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ പോലീസ് ഒന്നു തുമ്മിയാൽ പോലും അതിനുത്തരം നല്കേണ്ടിയിരുന്നത് ആഭ്യന്തരം കൈയ്യാളിയിരുന്ന തിരുവഞ്ചൂരും ചെന്നിത്തലയുമായിരുന്നു.

പോലീസിന്റെ അക്കൗണ്ടിൽ സംഭവിക്കുന്ന ചെറിയ പിഴവിനു പോലും മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുറവിളി കൂട്ടിയിരുന്നു അന്തംസ് ! ഡൽഹിയിൽ ഏത് കലാപം നടന്നാലും അത് അമർച്ച ചെയ്യാനിറങ്ങുന്ന പോലീസിനേക്കാൾ വിമർശനം നേരിട്ടിരുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായും പ്രധാനമന്ത്രി മോദിയുമായിരുന്നു. ഡൽഹി കലാപം മുതൽ കർഷകസമരം വരെ അത് നമ്മൾ കണ്ടതാണ്. ഉത്തർപ്രദേശിൽ നടക്കുന്ന സ്ത്രീ പീഡനങ്ങൾക്കെല്ലാം കാരണം യോഗിയുടെ പിടിപ്പുകേടാണെന്ന നരേഷൻസ് എത്രയോ വട്ടം നമ്മൾ കണ്ടതും കേട്ടതുമാണ്.

ആഭ്യന്തരം ഇത്രമേൽ ആഭാസമായ ഒരു ഭരണം ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ല. ഇത്രമേൽ കഴിവുകെട്ട ഒരാഭ്യന്തര മന്ത്രിയും ! എന്നിട്ടും മലരേ മൗനമാ എന്നും പാടി പ്രതിപക്ഷപാർട്ടിയുടെ കഴിഞ്ഞ കാലഭരണത്തിലേയ്ക്ക് നോക്കി , അമിത് ഷായുടെ പോലീസ് തുമ്മിയോ എന്നും നോക്കി , യോഗിയുടെ പോലീസിനെ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രബുദ്ധതയാണ് നമ്പർ 1 കേരളാമോഡൽ അന്തം കമ്മി പ്രബുദ്ധത!!

ആത്മവിശ്വാസത്തിന്റെ കടും ചുവപ്പാർന്ന ഇനിയുള്ള വർഷങ്ങളിൽ ഇനിയും കുഞ്ഞു ശരീരങ്ങൾ തൂ, ങ്ങി നിന്നാടട്ടെ ! ഇനിയും കുഞ്ഞുമേനികളെ ഇരുട്ടിന്റെ മറവിൽ കഴുകന്മാർ വലിച്ചുകീറട്ടെ!! ആർക്കുണ്ട് ചേതം??? ആർക്കുണ്ട് നോവ്???ലജ്ജ കൊണ്ട് തല ഉയർത്താൻ പറ്റാത്ത തരം സംഭവങ്ങൾ കണ്മുന്നിൽ കണ്ടാലും രാജാവിന് മുന്നിൽ കുനിഞ്ഞു പോയ നട്ടെല്ല് നിവർത്താൻ കഴിയാതെ റാൻ മൂളുന്ന അടിമകൾ ഉള്ളപ്പോൾ ഇവിടെ ഇതൊക്കെ നിത്യസംഭവം ആവാതെങ്ങനെ!!!

Prime Reel News

Similar Posts