ഞാൻ അറിയുന്ന ലക്ഷ്മിപ്രിയ തികഞ്ഞ കലാകാരിയും, ഭക്തിയും സാധനയും മുറുകെപ്പിടിക്കുന്ന സനാതനവിശ്വാസിയും, രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ദേശീയവാദിയുമാണ്
ലക്ഷ്മിപ്രിയ വിഷയമാന് ഇപ്പോൾ കേരളത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഈ സംഭവത്തിനെ കുറിച്ച് അഞ്ചു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂർണ രൂപം; ലക്ഷ്മിപ്രിയ വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഞാൻ അറിയുന്ന ലക്ഷ്മിപ്രിയ എന്ന തികഞ്ഞ കലാകാരിയെ, ഭക്തിയും സാധനയും മുറുകെപ്പിടിക്കുന്ന സനാതനവിശ്വാസിയെ, രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ദേശീയവാദിയെ, സൗഹൃദങ്ങളിൽ സെലിബ്രിറ്റി സ്റ്റാറ്റസ് കലർത്തുവാൻ അറിയാത്ത പാവം കൂട്ടുകാരിയെ കുറിച്ചാണ് എഴുതുന്നത്. അങ്ങനെയുള്ള ഒരുവൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് സംസാരിക്കുന്നതും!! ഇതിനിടയിലുള്ള രാഷ്ട്രീയം എന്തെന്നോ ലക്ഷ്മിയും നേതാക്കന്മാർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ എന്തെന്നോ എനിക്ക് ചർച്ച ചെയ്യേണ്ടതില്ല. കാരണം അതെന്റെ തട്ടകമോ വിഷയമോ അല്ല!!
ലക്ഷ്മിപ്രിയ എന്ന എന്റെ സുഹൃത്ത് പങ്ക് വച്ച പോസ്റ്റിനെ കുറിച്ച് മാത്രമാണ് എനിക്ക് സംസാരിക്കുവാൻ ഉള്ളത്. അതിനൊപ്പം അവർ പങ്ക് വച്ച ബ്രോഷറിലെ കാര്യങ്ങളെ കുറിച്ചും. നമ്മുടെ പക്ഷത്തു ശരി ഉണ്ടെങ്കിൽ, സത്യം ഉണ്ടെങ്കിൽ, നമുക്ക് പറയുവാൻ ഉള്ള കാര്യങ്ങൾ ശക്തമായി ഉറക്കെ പറയാൻ ആരുടെയും അനുവാദം വേണ്ട. അങ്ങനെ പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതേണ്ട ബാധ്യതയുമില്ല. കാരണം സ്വന്തം അനുഭവം പങ്ക് വയ്ക്കുവാൻ ഒരു പാർട്ടിയുടെയും അടിമയോ മെമ്പർഷിപ്പ് അംഗത്വമോ ഇല്ലാത്ത ഏതൊരാൾക്കും അതിന് കഴിയും. അത് തന്നെയല്ലേ അവർ ചെയ്തതും.
ഏതു വിഷയത്തിലും ന്യായീകരണ ക്യാപ്സ്യൂളുകൾ വേണ്ടി വരുന്നത് അസത്യത്തെ സത്യമാക്കി മാറ്റുന്നവർക്ക് മാത്രമാണ്. ഏതെങ്കിലും ഒരു പാർട്ടിയോ രാഷ്ട്രീയ നേതാവോ അല്ല ലക്ഷ്മിപ്രിയയെ കലാകാരിയും സെലിബ്രിറ്റിയും ആക്കിയത്. പതിനഞ്ചു വയസ്സിൽ നാടകത്തിൽ അഭിനയിക്കുമ്പോൾ അവർ രാഷ്ട്രീയ ക്കാരി ആയിരുന്നില്ല. പിന്നീട് വിവാഹിതയായി സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യുമ്പോഴും അവർ ഒരു രാഷ്ട്രീയത്തെ കുറിച്ചും വാചാലയായില്ല.
സ്വന്തം കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും നേടിയെടുത്ത സെലിബ്രിറ്റി സ്റ്റാറ്റസ്. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായപ്പോൾ അവർ അവരുടെ വിശ്വാസം ഉറക്കെ പറഞ്ഞു. തനിക്ക് ചായ്‌വ് ഉള്ള സംഘടന ഏതെന്നും പറഞ്ഞു. അപ്പോഴും അവർ മറ്റൊരു രാഷ്ട്രീയപ്പാർട്ടിയെയും തള്ളിപ്പറഞ്ഞിരുന്നില്ല. തനിക്ക് സ്വന്തമായി രാഷ്ട്രീയം ഉണ്ടെന്നും പറഞ്ഞില്ല. അവർ സനാതന ധർമ്മത്തിൽ ഉള്ള അവരുടെ വിശ്വാസം തുറന്നുപ്പറഞ്ഞപ്പോൾ അവരെ പതിവ് കുലസ്ത്രീ ചാപ്പ കു, ത്തി ആ പാളയത്തിലെ ആൾ എന്ന് നരേറ്റീവ് കൊടുത്തത് മറുചേരിയിൽ ഉള്ളവർ മാത്രമാണ്. അങ്ങനെ വന്നപ്പോൾ ഇപ്പുറത്തെ ചേരി അവരെ തങ്ങളുടേത് എന്ന രീതിയിൽ ചേർത്തും വച്ചു. അതാണ് സത്യത്തിൽ നടന്നത്.
കലയാണ് ലക്ഷ്മിയുടെ അന്നം. തന്നിലെ കലയ്ക്ക്, കലാകാരിക്ക് വില ഇടേണ്ടത് അവർ മാത്രമാണ്. അവരുടെ കലാകാരി എന്ന സ്റ്റാറ്റസ്/ചിത്രം വച്ചാണ് NSS ആ ഓണം പരിപാടിക്ക് പബ്ലിസിറ്റി ഉണ്ടാക്കിയത്. അവരുടെ ഡയരക്ടറി പ്രകാശനം ചെയ്യുവാൻ അവർക്ക് ലക്ഷ്മിപ്രിയ എന്ന കലാകാരിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് വേണം. അവരുടെ മുഖം വേണം. അപ്പോൾ അതിന്റെ പ്രതിഫലം അവർ അർഹിക്കുന്നത് തന്നെ നൽകണം. അവർ അങ്ങോട്ട് ആവശ്യപ്പെട്ട് ആണോ പരിപാടിക്ക് പോയത്? ഓണം പരിപാടി വന്നാൽ എന്നെ വിളിക്കണം എന്ന് അവർ സംഘാടകരോട് പറഞ്ഞിരുന്നോ??ഇല്ല! അവരുടെ പേരിൽ ഒരു പരിപാടി നടത്തിയിട്ടു,
അതിന്റെ പേരിൽ ആളെ കൂട്ടി രംഗം കൊഴുപ്പിച്ചിട്ട് ഒടുക്കം ഉഡായിപ്പ് കാണിച്ചാൽ അത് രഹസ്യമാക്കി വയ്ക്കാൻ അവർ പാർട്ടി അടിമ അല്ലല്ലോ. അത്രയും ദൂരം സഞ്ചരിച്ചു, കുടുംബ സമേതം ഒരു പരിപാടിക്ക് അവർ വരുമ്പോൾ, (അതും ഒരു ഡയരക്ടറി ഉത്ഘാടനത്തിന് ) അവർക്ക് കൊടുക്കേണ്ടി ഇരുന്ന തുക ആശുപത്രി ആവശ്യത്തിന് മാറ്റി വച്ചുവെന്ന് പറഞ്ഞു ഒരു കവർ ഏൽപ്പിക്കുന്നത് തികഞ്ഞ മര്യാദകേട് തന്നെയാണ്. ഇന്നത്തെ കാലത്ത് ഒരു വിവാഹം ഹോസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് പോലും കൊടുക്കണം 25,000-30,000 ഒക്കെ. അതും സോഷ്യൽ മീഡിയ വഴി മാത്രം പ്രശസ്തരായ ആളുകൾക്ക്. അപ്പോഴാണ് സീനിയർ ആയ ഒരു കലാകാരിയെ, ഇങ്ങനെ അപമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഒരുപാട് അനുകൂല -പ്രതികൂല പോസ്റ്റുകൾ കണ്ടു. അതിൽ ചില ക്യാപ്‌സൂളുകൾ രസകരം. പെണ്ണുക്കര എന്ന ഗ്രാമത്തിലെ സംഘാടകർക്ക് ഫണ്ട് അത്ര ഇല്ലായിരുന്നുവെന്ന്. അങ്ങനെയെങ്കിൽ കൊക്കിൽ ഒതുങ്ങിയത് കൊത്തിയാൽ പോരേ ഈ സംഘാടകർക്ക്? ഇത്രയും ദൂരെ നിന്ന് ഒരു നടിയെ വിളിക്കണം ആയിരുന്നുവോ? 55, 000 ആവശ്യപ്പെട്ടയാള്‍ക്ക് 15, 000 കൊടുത്തത് മര്യാദയാണോ ? പിന്നെ ചില കമന്റുകളിൽ പറയുന്നത് സനാതനധർമ്മത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന ആളുകൾ പണം വാങ്ങുമെന്ന് അറിയില്ല എന്നൊക്കെയാണ്. എന്തൊരു കോമഡിയാണ് അത്.
അവിടെ പ്രഭാഷണം നടത്താനോ ഭക്തിഗാനസുധയ്‌ക്കോ സത്സംഗം നടത്താനോ അല്ലല്ലോ അവരെ ക്ഷണിച്ചത്. അങ്ങനെ ആണെങ്കിൽ തന്നെ ഇവിടുത്തെ പ്രമുഖ മത പ്രഭാഷകരും മത പണ്ഡിതന്മാരും ഒക്കെ പല വേദികളിലും പരിപാടികളിലും പങ്കെടുക്കുന്നത് പ്രതിഫലം വാങ്ങാതെയാണോ?? ലക്ഷ്മിപ്രിയ സ്വന്തം വിശ്വാസവും ദേശീയവാദവും സംഘ അനുകൂല നിലപാടും ഉറക്കെ വിളിച്ചുപ്പറഞ്ഞപ്പോൾ അവർക്ക് പലതും നഷ്ടമായിട്ടേ ഉള്ളൂ. ആ നഷ്ടം,( അതും പലപ്പോഴും അവസരങ്ങൾ, അത് വഴി സാമ്പത്തികമായി തന്നെ )നികത്താൻ ഇപ്പോൾ അവരെ വിമർശിക്കുന്ന പാർട്ടി മേലാളന്മാർ ആരെങ്കിലും ഉണ്ടായിരുന്നുവോ? ഇല്ലല്ലോ അല്ലേ. അപ്പോൾ പിന്നെ അവർ നേരിട്ട അപമാനം അവർ തുറന്ന് പറയുമ്പോൾ അതിൽ ഇടപെടാൻ മറ്റുള്ളവർക്ക് എന്ത് അർഹത??
ലക്ഷ്മിപ്രിയ എന്ന സ്ത്രീക്ക്,കല ഭഗവാൻ നല്കിയ വരദാനം ആണെങ്കിൽ, അതിൽ നിന്നും അന്നം കണ്ടെത്തുന്നത് അവരുടെ ജോലിയാണ്. .സൗഹൃദവും രാഷ്ട്രീയ ബന്ധങ്ങളും അവിടെ ഒരു തടസ്സം ആവരുത്. ഒരാളുടെ കലയ്ക്ക്, അയാളുടെ ആ സെലിബ്രിറ്റി സ്റ്റാറ്റസിന് അർഹതപ്പെട്ട പണം എന്നുള്ളത് ആരുടേയും ഔദാര്യം അല്ല. അത് ഓരോ കലാകാരനും അവരവർക്ക് ഇടുന്ന വിലയാണ്. ആ വില നൽകുവാൻ തയ്യാർ ആണെന്ന് ഉറപ്പ് ഉള്ളിടങ്ങളിൽ മാത്രം പോകുക. ഇനി മുതൽ കണക്ക് പറഞ്ഞു തന്നെ ഇത്തരം പരിപാടികൾക്ക് പോവുക. സനാതന വിശ്വാസി ആയത് കൊണ്ടോ ലക്ഷ്മി സഹസ്ര നാമം ചൊല്ലിയത് കൊണ്ടോ അന്നം താനേ വരില്ലല്ലോ. ഒരാൾക്ക് ഭക്തിയോ വിശ്വാസമോ ഉള്ളത് കൊണ്ട് മാത്രം വണ്ടിയിൽ പെട്രോളോ ഡീസലോ ഭഗവാൻ തരില്ല കേട്ടോ.!!
NB : ലക്ഷ്‌മിപ്രിയയുടെ പോസ്റ്റിൽ ഒരേ ഒരു വരിയിൽ മാത്രം ക്ലാരിറ്റി കുറവ് ഉണ്ട്. അത് വണ്ടിചെക്ക് നല്കിയ ബിജെപി സ്ഥിരം സ്ഥാനാർഥി എന്ന പരാമർശത്തെ കുറിച്ചാണ്. അതിൽ വ്യക്തത വരുത്തേണ്ടത് ലക്ഷ്മിയുടെ ഉത്തരവാദിത്വമാണ്. കാരണം ആ ഒരൊറ്റ പരാമർശം കൊണ്ട് ഇതിലേയ്ക്ക് സുരേഷ് ഗോപി സാറിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. അദ്ദേഹം ചെയ്ത നന്മയും ജീവകാരുണ്യവുമൊക്കെ എന്തെന്ന് ലക്ഷ്മിയോളം നേരനുഭവവും അറിവും മറ്റാർക്കും ഇല്ലല്ലോ. അത് മാത്രം ഒന്ന് ക്ലിയർ ചെയ്യുക. അത് ആരാണെന്ന് പറയേണ്ട, പക്ഷേ ആ സ്ഥിരം സ്ഥാനാർഥി സുരേഷേട്ടൻ അല്ല എന്ന് മാത്രം ഒരു വ്യക്തത വരുത്തുക.
