ചെക്ക് കേസിൽ 4 വർഷമായി ഖത്തർ ജയിലിൽ; ചതിച്ചത് സ്ഥാപന ഉടമകളായ നാല് മലയാളികൾ; വിവാഹം കഴിഞ്ഞ് ഭാര്യയ്ക്കൊപ്പം ചിലവഴിച്ചത് മൂന്നു ദിവസം മാത്രം

ചെക്ക് കേസില്‍ അകപ്പെട്ട് നാലുവര്‍ഷമായി ഖത്തര്‍ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് പാവങ്ങാടി സ്വദേശി അരുണ്‍. ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമകളായ നാല് മലയാളികളാണ് അരുണിനെ ചതിച്ചതെന്ന് കുടുംബം പറയുന്നു. ബാക്കിയുള്ള 8 വര്‍ഷത്തെ ശിക്ഷ ഒഴിവാക്കി അരുണിനെ നാട്ടില്‍ എത്തിക്കണമെങ്കില്‍ 5 കോടി രൂപ കെട്ടിവക്കണം. യുവാവിന്‍റെ മോചനത്തിന് വേണ്ടി സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്‍റെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഉറ്റവര്‍.

ആശ്രയവും പ്രതീക്ഷയുമായ മകന്‍ അഴിക്കുള്ളിലായ ദിവസം കലങ്ങിയതാണ് ഈ അമ്മയുടെ കണ്ണ്. രതി മാത്രമല്ല, ഒരു കുടുംബം ഒന്നാകെ അരുണിനെ ഓര്‍ത്ത് കരയുകയാണ്. 2019 മുതല്‍ ഖത്തര്‍ ജയിലിലാണ് പാവങ്ങാടി കണിയാംതാഴത്ത് വീട്ടില്‍ അരുണ്‍. ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് അഞ്ചുകോടിയുടെ ബാധ്യത വരുന്ന കേസിലാണ് തടവ്. 12 വര്‍ഷത്തെ ശിക്ഷയില്‍ 4 വര്‍ഷം കഴി‍ഞ്ഞു.

എന്നാല്‍ ചെയ്യാത്ത കുറ്റത്തിനാണ് അരുണ്‍ ജയിലില്‍ കഴിയുന്നതെന്ന് കുടുംബം പറയുന്നു. വീടുവച്ചതിന്‍റെ ബാധ്യത തീര്‍ക്കാനാണ് 27ാമത്തെ വയസില്‍ അരുണ്‍ ഖത്തറില്‍ പോയത്. നാല് മലയാളികളുടെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനത്തിലായിരുന്നു ജോലി. അരുണിനെ കൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം ചെക്കുകള്‍ ഒപ്പിട്ടുവാങ്ങി ഉടമകള്‍ കോടികളുടെ ക്രമക്കേട് നടത്തി. പക്ഷേ മകന് ആ ചതി മനസിലായില്ല.

23 ചെക്കുകള്‍ മടങ്ങിയ കേസില്‍ 7 എണ്ണം അവസാനിച്ചു. നാലുവര്‍ഷം ജയില്‍ വാസം അനുഭവിച്ചതോടെ ബാക്കിയുള്ള 16 കേസുകളില്‍ പണം കെട്ടിവച്ചാലും മോചനം കിട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ അതിന് 5 കോടി രൂപ വേണം. വീട് ഉള്‍പ്പടെ ജപ്തി ഭീഷണിയിലാണ്. സ്വയം പണം കണ്ടെത്താന്‍ വഴിയില്ല.

അരുണിന്‍റെ മോചനത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്റെ സഹായം ആവശ്യമാണ്. 10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു അനുസ്മൃതിയുമായുള്ള അരുണിന്‍റെ വിവിഹാം. വിവാഹത്തിന്‍റെ മൂന്നാം നാള്‍ അരുണ്‍ വിമാനം കയറി. സ്വപ്നം കണ്ട ജീവിതം തിരികെ പറന്നിറങ്ങുന്നത് കാത്തിരിക്കുകയാണ് അനുസ്മൃതി.

Prime Reel News

Similar Posts