തന്റെ മകളുടെ വിവാഹദിനത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭൂമി സമ്മാനിച്ച് ബിജെപി സംസ്ഥാന സമിതിയംഗം
മകളുടെ വിവാഹദിനത്തിൽ വീടില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്തു ബിജെപി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എൻ ശ്രീപ്രകാശ്. മകൾ അപർണയുടെ വിവാഹദിനത്തിൽ നിർധനരായ മൂന്ന് കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്.
തുവൂർ പഞ്ചായത്തിലെ സുനീറ ആനപ്പട്ടത്ത്, പാണ്ടിക്കാട് പഞ്ചായത്തിലെ ദീപ കുന്നുമേൽ, മാരിയപ്പൻ കുളിക്കാട്ടേരി എന്നിവർക്കാണ് മൂന്ന് സെന്റ് വീതം ഭൂമി വീതം സമ്മാനിച്ചത്. വിവാഹ വേദിയിൽ അഡ്വ. എൻ ശ്രീപ്രകാശിന്റെ ഭാര്യ ഷെഫ ശ്രീപ്രകാശ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിതിനു ശേഷമുള്ള ആധാരം കുടുംബങ്ങൾക്ക് കൈമാറിയത്.
ഇത്രയും കാലം സുനിറയും ഭർത്താവ് സലാമും മൂന്ന് പെൺകുട്ടികളുമായി വാടക വീട്ടിലായിരുന്നു താമസം. ഇനി സ്വന്തം വീട് സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്‌ഷ്യം. ലൈഫ് പദ്ധതിയിൽ വീടിനു അപേക്ഷിച്ചെങ്കിലും യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇനി കിട്ടിയ സ്ഥലത്ത് തന്നെ ഒരു കൊച്ചു വീട് പണിയണമെന്നാണ് സലാമിന്റെ ആഗ്രഹം. കെട്ടിട നിർമാണ മേഖലയിൽ തൊഴിലാളിയാണ് സലാം.
മകളുടെ വിവാഹദിനത്തിൽ മൂന്ന് കുടുംബങ്ങൾക്ക് തണലേകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പാണ്ടിക്കാട് ശ്രീപാദം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ ശ്രീപ്രകാശ് പറഞ്ഞു. ശ്രീപ്രകാശ് ഇതിനു മുൻപും ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
