ബിജെപി വോട്ടുകള്‍ മൊത്തം കോണ്‍ഗ്രസിന് പോയെന്ന് ഇപി ജയരാജന്‍; ന്യായീകരണവുമായി സിപിഎം നേതാവ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ പുതിയ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം നേതാവ് ഇ പി ജയരാജന്‍. മുഴുവൻ ബിജെപി വോട്ടുകളും കോണ്‍ഗ്രസിലേക്ക് പോയെന്നാണ് ഇ പി ജയരാജന്‍റെ ആരോപണം. പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്ന ഇപി മുഴുവന്‍ ഫലവും വരട്ടയെന്നാണ് പ്രതികരിക്കുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലംതൊടാതെയാണ് ബിജെപിയുടെ സ്ഥിതിയുള്ളത്. പുതുപ്പള്ളിയില്‍ ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കൂട്ടാം എന്ന ബിജെപി കണക്കുകൂട്ടലാണ് അമ്പേ പാളിയത്. പതിനായിരത്തോളം ഉറച്ച വോട്ടുകള്‍ ബിജെപിക്ക് മണ്ഡലത്തിലുണ്ടെന്നായിരുന്നു മുന്‍കാലത്തെ കണക്കുകള്‍ വിശദമാക്കുന്നത്.

2016ല്‍ ജോര്‍ജ് കുര്യന് 15993 ഉം 2021ല്‍ എന്‍ ഹരിക്ക് 11694 വോട്ടുമാണ് പുതുപ്പള്ളിയില്‍ നേടിയത്. അതേസമയം ചാണ്ടി ഉമ്മനെതിരെ ജി ലിജിന്‍ ലാല്‍ ചിത്രത്തില്‍ പോലുമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അഞ്ച് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3098 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാനായത്.

സ്വന്തം തട്ടകത്തില്‍ പോലും കാലിടറുന്ന സ്ഥിതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനുള്ളത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ എല്‍ഡിഎഫ് കനത്ത പരാജയമാണ് മുന്നില്‍ കാണുന്നത്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക്ക് ഇവിടെ ലീഡ് ചെയ്തത്.

Prime Reel News

Similar Posts