വാഹനമിടിച്ച് പരിക്കേറ്റ് റോഡിൽ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർക്കെതിരെ കേസെടുത്തെന്ന് പരാതി
തിരുവല്ലയിൽ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി. യാത്രക്കാരിയായിരുന്ന യുവതിയെ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തി റോഡിൽ കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചതിന് തങ്ങളെ അന്യായമായി കേസിൽ ഉൾപ്പെടുത്തിയെന്ന് ബസുടമ പറയുന്നു.
ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സെപ്തംബർ രണ്ടിന് കട്ടോട്ടിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനെൽവേലി സ്വദേശി സെല്ലൈ ദുരച്ചി പിന്നീട് മരിച്ചു. സംഭവത്തിൽ തിരുവല്ല-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ബസിടിച്ച് യുവതി മരിച്ചില്ലെന്നും മറ്റൊരു വാഹനമിടിച്ചാണ് മരിച്ചതെന്നും ജീവനക്കാർ പറയുന്നു.
സിസിടിവി ഇല്ലാത്ത പ്രദേശത്താണ് അപകടം നടന്നത്. ദൃക്‌സാക്ഷികളെ പോലും അന്വേഷിക്കാതെയാണ് പോലീസ് കേസ് എടുത്തതെന്നും ബസുടമ പറയുന്നു. എന്നാൽ ബസിടിച്ച് യുവതി റോഡിൽ വീണതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായി തിരുവല്ല പൊലീസ് പറയുന്നു. കേസ് എടുത്തതിൽ തെറ്റില്ലെന്നും പൊലീസ് വ്യക്തമാക്കി.
