ആശുപത്രിയിൽ വച്ച് കുട്ടിയുടെ ഒരു പവന്റെ മാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ
തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്ന് കുട്ടിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം വനിതാ ജയിലിൽ എത്തിയ പൊലീസ് കോയമ്പത്തൂർ സ്വദേശികളായ ഗീത (38), പുനിത (27) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
രണ്ട് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയുടെ ഒരു പവൻ തൂക്കമുള്ള മാല പ്രതികൾ കവരുകയായിരുന്നു. പിന്നീട് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളായ ഇരുവരെയും തിരിച്ചറിഞ്ഞത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാനമായ മറ്റൊരു കേസിൽ ഇരുവരും അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. തുടർന്ന് കോടതിയുടെ അനുമതിയോടെ ഇവരെ കസ്റ്റഡിയിലെടുത്തു.
തമിഴ് നാടോടികളായ ഇരുവരും മോഷണത്തിനായി തിരക്കേറിയ സ്ഥലങ്ങളും ബസുകളുമാണ് തിരഞ്ഞെടുത്തത്. ഇരുവർക്കുമെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.
