ബസ്റ്റോപ്പിൽ ഇറക്കാമെന്നു പറഞ്ഞു കാറിൽ കയറ്റി; പ്രണയം നടിച്ചു ചുറ്റിക്കറങ്ങുന്നതിനിടയിൽ യുവതിയുടെ ഫോണും പണവും കവർന്നു; പ്രതി പിടിയിൽ
പ്രണയം നടിച്ച് യുവതിയുടെ മൊബൈൽ ഫോണും 2000 രൂപയും കവർന്ന കേസിൽ ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരംകരി അറുപറിയിൽ വീട്ടിൽ രാജീവ് എൻ.ആറിനെ (31) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 21ന് കൊല്ലം കടയ്‌ക്കൽ സ്വദേശിനിയായ യുവതി ഹോം നഴ്‌സായി ജോലി ചെയ്യുന്ന കവിയൂരിലെ വീടിനു സമീപം ബസ് കാത്തുനിൽക്കുമ്പോൾ കാറിൽ വന്ന രാജീവ് തിരുവല്ലയിൽ ഇറക്കാമെന്നു പറഞ്ഞു ഒപ്പം കൂട്ടി. പിൻസീറ്റിൽ കയറാൻ ശ്രമിച്ച യുവതിയെ നിർബന്ധിച്ച് മുൻസീറ്റിൽ കയറ്റി.
തിരുവല്ലയിൽ എത്തിയിട്ടും കാറിൽ നിന്ന് ഇറങ്ങാൻ സമ്മതിക്കാതെ പ്രണയം നടിച്ച് കാറിൽ കറങ്ങി. ഇതിനിടെ യുവതിയുടെ മൊബൈൽ ഫോണും രണ്ടായിരം രൂപയും കൈക്കലാക്കി. യുവതിയെ ചെങ്ങന്നൂർ ടൗണിലെ ബാർ ഹോട്ടലിനു സമീപം ഇറക്കിവിട്ട ശേഷം ഇയാൾ അവിടെ നിന്ന് കടന്നു കളഞ്ഞു. പ്രതിയെ തനിക്ക് മുൻ പരിചയമില്ലെന്ന് യുവതി പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പന്തളം ചെറേക്കൽ ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
ഇൻസ്പെക്ടർ വിപിൻ എ.സി., സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അനിലകുമാരി, ശ്രീകുമാർ, തോമസ്, അനിൽ, സിജു ഷൈൻ കുമാർ, സീനിയർ സി.പി.ഒ മാരായ അനീസ്, ജിജോ. സാം, ജിൻസൺ, പ്രവീൺ, വിഷ്ണു, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
