ഇത് കുട്ടികളിയല്ല; റെയില്‍ പാളത്തില്‍ കല്ല് വെച്ചാല്‍ കുട്ടികള്‍ ശിക്ഷ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി പോലീസ്

റെയിൽവേ ട്രാക്കിൽ കുട്ടികൾ കല്ല് വയ്ക്കുന്ന സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നു. ഒരു മാസത്തിനുള്ളിൽ ജില്ലയിൽ ഇത്തരത്തിൽ നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തിരശ്ശീലയ്ക്ക് പിന്നിൽ കുട്ടികൾ ആയതിനാൽ നിയമപരമായ നടപടികൾ എടുക്കാൻ കഴിയാതെ പോലീസ് ബുദ്ധിമുട്ടിലായിരുന്നു. ഇത്തവണയും ശിക്ഷ നൽകാതെ വിട്ടയച്ചെങ്കിലും ഇനി ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയിൽവേ ട്രാക്കിൽ നിന്ന് ചെറിയൊരു ജെല്ലിക്കല്ലും കണ്ടെടുത്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി.

റെയിൽവേ പാളത്തിൽ കല്ല് കൊണ്ടുവെച്ചത് ട്രെയിൻ ചക്രങ്ങൾ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണെന്നാണ് കുട്ടികൾ നൽകിയ മൊഴി. ചെറിയ കുട്ടികളായതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം നെല്ലിക്കുന്ന് പള്ളത്തും കളനാടും റെയിൽവേ ട്രാക്കിൽ കൊച്ചുകുട്ടികൾ കല്ലുകൾ വച്ചിരുന്നു. സമാന രീതിയിൽ, പന്ത്രണ്ട് വയസ്സുള്ള കുട്ടികൾ ഇഖ്ബാൽ ഗേറ്റിൽ ട്രാക്കിൽ കല്ല് വയ്ക്കുന്ന പ്രവൃത്തികൾ ചെയ്തിരുന്നു. റെയിൽവേ ട്രാക്കിന് സമീപത്തെ വീടുകളിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കുട്ടികളാണെന്ന പരിഗണന നൽകില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Prime Reel News

Similar Posts