സിനിമാ റിവ്യൂക്കാരെ തിയറ്റര്‍ കോമ്പൗണ്ടില്‍ കയറ്റില്ല; കടുത്ത തീരുമാനവുമായി നിര്‍മാതാക്കളുടെ സംഘടന
സിനിമാ റിവ്യൂ ബോംബിങ്ങിൽ വിവാദം കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. സിനിമാ റിവ്യൂവിന്റെ പേരിൽ മൊബൈൽ ഫോണുമായി എത്തുന്നവരെ തിയേറ്റർ പരിസരത്ത് പ്രവേശിപ്പിക്കില്ലെന്നാണ് ഇപ്പോൾ നിർമാതാക്കളുടെ സംഘടനാ എടുത്തിരിക്കുന്ന തീരുമാനം.
നെഗറ്റീവ് റിവ്യൂ നൽകി സിനിമയെ തകർക്കുന്ന സോഷ്യൽ മീഡിയ സിനിമാ നിരൂപകരെ കയ്യോടെ പിടികൂടാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചു. തിയേറ്റർ കോമ്പൗണ്ടിൽ ഇവരെ നിരോധിക്കുക എന്നതാണ് ആദ്യപടി. ഇനിയൊരാളും റിവ്യൂവിനായി തീയറ്ററിന്റെ കോമ്പൗണ്ടിലേക്ക് വന്നാല്‍ കയറ്റില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന മാനേജ്‌മെന്റ് വ്യക്തമാക്കി.
നെഗറ്റീവ് മൂവി റിവ്യൂ ബോബിംഗ് സിനിമാ വ്യവസായത്തിന് ഭീഷണിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന്, ഇത് തടയാൻ സംസ്ഥാന പോലീസിനോട് വ്യക്തമായ നിർദ്ദേശം തയ്യാറാക്കാൻ ആവശ്യപ്പെടുകയും പോലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. സിനിമ പ്രമോഷന് അടക്കം പുതിയ മാനദണ്ഡങ്ങളും ക്രമീകരണങ്ങളും കൊണ്ടുവരുമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍, ബി. രാകേഷ് എന്നിവര്‍ വ്യക്‌തമാക്കി.
ഇതനുസരിച്ച് മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള റിവ്യൂ തിയറ്റർ പരിസരത്ത് അനുവദിക്കില്ല. ഇത് മാധ്യമ പ്രവർത്തനമായി അംഗീകരിക്കാനാകില്ലെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒരു സിനിമ റിലീസ് ചെയ്യുന്നത് ഒത്തിരി കഷ്‌പ്പാടും വേ, ദനയുമൊക്കെ സഹിച്ചാണ്. ആ സിനിമയെയാണ് വെറുതേവന്നുനിന്ന് മോശം പറഞ്ഞ് കാണികളെ തീയറ്ററില്‍നിന്ന് അകറ്റുന്നത്. ഇത് വളരെ മോശമായ പ്രവണതയാണെന്നും സുരേഷ് കുമാർ പറഞ്ഞു.
ഭാര്യയുടെ മാലയും സ്ഥലവും വീടും പണയം വച്ചും ബാങ്ക് ലോണും എടുത്താണ് താൻ സിനിമ ചെയ്യുന്നതെന്നും എന്തു തോന്ന്യാസവും ഇനി സിനിമയെക്കുറിച്ച് വിളിച്ചുപറയാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും സുരേഷ് കുമാര്‍ വ്യക്‌തമാക്കി.. സിനിമാ പിആർഒ മാർക്ക് അക്രഡിറ്റേഷൻ ഏർപ്പെടുത്തും. റിവ്യൂ ബോംബിംഗ് തടയാൻ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഈ മാസം 31ന് യോഗം ചേരുമെന്ന് സുരേഷ് കുമാർ പറഞ്ഞു.
