ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ; 86,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലാർക്ക് വിജിലൻസിന്റെ പിടിയിൽ
ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ക്ലാർക്ക് 86,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. തഹസിൽദാരുടെ ഓഫീസിലെ ക്ലർക്ക് അടിവാരം സ്വദേശി പിഡി ടോമിയാണ് പിടിയിലായത്. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗത്തിലെ അംഗമാണ്. ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 86,000 രൂപയാണ് കൈക്കൂലിക്കായി വാങ്ങിയത്.
ഇയാളിൽ നിന്നും പതിനാറായിരം രൂപയും എഴുപതിനായിരം രൂപയുടെ ചെക്കും കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി നിരവധി പേർക്ക് കൊയിലാണ്ടിയിൽ ഭൂമിയും വീടും നഷ്ടമായിരുന്നു. ഇവർക്ക് നഷ്ടപരിഹാരം വാങ്ങി നൽകാം എന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. 286000 രൂപ പാസാക്കി നൽകാനാണ് പണം ആവശ്യപ്പെട്ടത്. ടോമിക്കെതിരെ മുമ്പും കൈക്കൂലി ആരോണം ഉയർന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.
ക്ലർക്ക് കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ന് പരാതിക്കാരൻ ടോമിക്ക് പണം നൽകാനെത്തിയത്. വിജിലൻസ് സംഘം സമീപത്തുള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടോമിയെ ഉദ്യോഗസ്ഥർ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
