അലവലാതികളോട് സംസാരിക്കാനില്ല; എസ്.എഫ്.ഐ പ്രവര്‍ത്തകരോട് കോളേജ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം നഴ്സിങ് കോളേജിൽ പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ തർക്കം. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കാനും സുരക്ഷയൊരുക്കാനും പ്രിൻസിപ്പൽ വിസമ്മതിച്ചത് വലിയ വാഗ്വാദത്തിന് ഇടയാക്കിയത്. വാക്കേറ്റത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ അസഭ്യം പറഞ്ഞുകൊണ്ട് പ്രിൻസിപ്പൽ പ്രതികരിച്ചതും വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. നഴ്സിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചു. ഹോസ്റ്റലിൽ സുരക്ഷ ഒരുക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, പ്രിൻസിപ്പൽ ഇത് നിരസിച്ചതോടെ വാക്കേറ്റമുണ്ടായി.
നേരത്തെയും എസ്എഫ്ഐ പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. തുടർന്ന് എസ്എഫ്ഐ ജില്ലാ നേതാക്കൾ പ്രിൻസിപ്പലിനെ കാണാനെത്തി. വാക്കേറ്റത്തിനിടെ പ്രിൻസിപ്പൽ എസ്‌എഫ്‌ഐ പ്രവർത്തകരോട് ദേഷ്യം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഞാന്‍ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും അലവലാതികളോട് സംസാരിക്കാന്‍ ഇല്ലെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ പ്രതികരണം.
തുടര്‍ന്ന് വാക്കേറ്റത്തിനിടെ പൊണ്ണതടിയന്മാര്‍ വന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നും അ, ടിച്ചു ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. മോശം ഭാഷയിൽ സംസാരിച്ച പ്രിൻസിപ്പലിനെ കോളേജിൽ തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രവർത്തകർ ഓഫീസിൽ നിന്ന് മടങ്ങിയത്.
