റെയിൽവേ സ്റ്റേഷനിൽ പോർട്ടറായി ചുമടെടുത്ത് രാഹുൽ ഗാന്ധി; തൊഴിലാളികളുടെ ജീവിതം പഠിക്കാനെന്ന് വിശദീകരണം
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ യാത്ര തുടരുന്നു. രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തി. ഇവിടെ അദ്ദേഹം ചുമട്ടുതൊഴിലാളികളെ കാണുകയായിരുന്നു. ചുമട്ടുതൊഴിലാളികൾക്കിടയിൽ രാഹുൽ ഗാന്ധി ഇരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റെയിൽവേ പോർട്ടർമാരുടെ ജീവിതം പഠിക്കാനെന്ന് പറഞ്ഞ് അവർക്കൊപ്പം സമയം ചിലവിടാനെത്തിയതായിരുന്നു രാഹുൽ.
വാർത്താ ഏജൻസിയായ എഎൻഐ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയിൽ രാഹുൽ ഗാന്ധി ചുമട്ടുതൊഴിലാളിയുടെ വസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. ഇതുകൂടാതെ, യാത്രക്കാരുടെ ലഗേജുകൾ തലയിൽ ചുമക്കുന്നതായും കാണാം. തലയിൽ സ്യൂട്ട്‌കേസുമായി രാഹുൽ ഗാന്ധി കുറച്ചുദൂരം നടക്കുന്നതും പിന്നീട് മറ്റൊരു ചുമട്ടുതൊഴിലാളിക്ക് നൽകുന്നതും വീഡിയോയിൽ കാണാം.
#WATCH | Delhi: Congress MP Rahul Gandhi visits Anand Vihar ISBT, speaks with the porters and also wears their uniform and carries the load pic.twitter.com/6rtpMnUmVc
— ANI (@ANI) September 21, 2023
ഓഗസ്റ്റ് മാസത്തിൽ ചുമട്ടുതൊഴിലാളികൾ രാഹുൽ ഗാന്ധിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാൻ രാഹുൽ ഗാന്ധി എത്തിയത്. ആനന്ദ് വിഹാറിലെ ഓട്ടോ ഡ്രൈവർമാരെയും ചുമട്ടുതൊഴിലാളികളെയും രാഹുൽ ഗാന്ധി കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായിരുന്നവർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
