ചിത്രകലയിലും ശിൽപകലയിലും വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ആടുജീവിതം വൻ ഹിറ്റാകുമ്പോൾ സിനിമയുടെ കാരണക്കാരനായ നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. ചിത്രം പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ശിൽപം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ ആറാട്ടുപുഴയിൽ ഷുക്കൂർ എന്ന നജീബിൻ്റെ വീട്ടിൽ ഡാവിഞ്ചി സുരേഷ് സ്നേഹ ശിൽപം സമർപ്പിച്ചു. ശില്പത്തോടൊപ്പം, കലാകാരന്മാരുടെ കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിലെ അംഗങ്ങൾ വരച്ച ചിത്രങ്ങളും നജീബിന് സമ്മാനിച്ചു. ഇരുമ്പ് ദണ്ഡുകളും തകര ഷീറ്റുകളും ഫൈബർ വസ്തുക്കളും കൊണ്ട് നിർമിച്ച ശിൽപത്തിന് നാലടിയോളം ഉയരമുണ്ടെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. നജീബിന് ഇത് സമ്മാനിക്കുമെന്നും ഏറെ നാള് മുൻപേ ഡാവിഞ്ചി പറഞ്ഞിരുന്നു.
ആടുജീവിതം എന്ന നോവലിൻ്റെ കവർ പേജിലെ ചിത്രമാണ് ശിൽപത്തിൻ്റെ രൂപകല്പനയ്ക്ക് പ്രചോദനമായത്. കഴുത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന നജീബിന്റെ തലയും ബുക്കിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വെള്ളിത്തിരയിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മുഖവും ശില്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.