ഗുരുസേവയുടെ മറവിൽ ഭക്തരെ ലൈംഗിക ചൂഷണം; ഡൽഹിയിൽ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ
സ്‌ത്രീകളെ മാനസിക പ്രശ്‌നങ്ങളിൽ നിന്ന് സഹായിക്കാനെന്ന പേരിൽ അടുത്ത് കൂടി അവരെ ലൈംഗികമായി പീഡിപ്പിച്ചതിന് വിനോദ് കശ്യപ് എന്ന സ്വയം പ്രഖ്യാപിത ആൾ ദൈവത്തെ പൊലീസ് അറസ്റ്റു ചെയ്‌തു. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത രണ്ട് ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട് വിനോദ് കശ്യപിനെ (33) അറസ്റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എം ഹർഷവർധൻ പറഞ്ഞു.
ഡൽഹി കാക്രോള പ്രദേശത്ത് മാത മസാനി എന്ന പേരിൽ ദർബാർ നടത്തി വരികയിരുന്നു ഇയാൾ.ഇയാൾ നടത്തി വരുന്ന യൂട്യൂബ് ചാനലിന് വലിയ തോതിൽ ആരാധകർ ഉണ്ടായിരുന്നു. സ്‌ത്രീകളെ അവരുടെ പ്രശ്‌നങ്ങളിൽ സഹായിക്കാൻ ഗുരു സേവ ചെയ്യണമെന്ന് ഇയാൾ സ്‌ത്രീകളോടു ആവശ്യപ്പെട്ടു. ഗുരു സേവയുടെ മറവിലാണ് പ്രതി സ്‌ത്രീകളോട് അതിക്രമം കാണിച്ചത്.
പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാൾ സ്‌ത്രീകളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസെടുത്താതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
