സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര് പറയുന്നില്ല; പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്
ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖാ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. സർക്കുലറിൽ ഒരിടത്തും ആർഎസ്എസിന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ക്ഷേത്രത്തിന്റെ വിശ്വാസവും വിശുദ്ധിയും സംരക്ഷിക്കാനാണ് സർക്കുലറെന്ന് അനന്തഗോപൻ വ്യക്തമാക്കി.
ഒരു സംഘടനയുടെയും പരിശീലനമോ പരിപാടിയോ ക്ഷേത്രത്തിന്റെ ചെലവിൽ നടത്താൻ പാടില്ല. ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തും. അതിനുള്ള നിർദ്ദേശം മാത്രമാണ് സർക്കുലർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവാദത്തിൽ ബിജെപി നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെ അനന്തഗോപൻ പറഞ്ഞു.
അതേസമയം ക്ഷേത്രപരിസരത്ത് ആർഎസ്എസ് ശാഖകൾ നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ശാഖകൾ പ്രവർത്തിക്കുന്നത് നിയമപ്രകാരമാണെന്നും പിണറായി വിജയനല്ലാതെ മറ്റാർക്കും ഇതിന് ഒരു പോറൽ പോലും ഏൽക്കാമെന്ന് കരുതുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധനം വന്നാൽ കേരളത്തിൽ കൂടുതൽ ശാഖകൾ തുറക്കുമെന്നും സുരേന്ദ്രൻ വെല്ലുവിളിച്ചു.
