ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; സംഭവം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മൂന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടയിലെ ഊർപ്പക്കാട്ട് റെയിൽവേ ട്രാക്കിന് സമീപമാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ് (15), സഹോദരൻ രവി (15), സുഹൃത്ത് മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്.
കുട്ടികൾ വീടിനു സമീപം കളിക്കുകയായിരുന്നു. ട്രെയിൻ വരുന്നതറിയാതെ ട്രാക്കിലൂടെ നടക്കുമ്പോൾ പിന്നിൽ വന്നു ഇടിക്കുകയായിരുന്നു. താംബരത്ത് നിന്ന് ചെങ്കൽപേട്ടിലേക്ക് വരികയായിരുന്ന ട്രെയിനാണ് കുട്ടികളെ ഇടിച്ചത്. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. താംബരം റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുരേഷും രവിയും ബധിരരാണ്. മഞ്ജുനാഥിന് സംസാരിക്കാനല്ല ശേഷിയുമില്ല. ഇവരുടെ മാതാപിതാക്കൾ ഊർപാക്കിലെ കൂലിപ്പണിക്കാരാണ്. കർണാടകയിലെ അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടികൾ താമസിച്ച് പഠിക്കുന്നത്. സ്‌കൂൾ അവധിയായതിനാൽ മാതാപിതാക്കളെ കാണാൻ ഊർപ്പക്കിലെത്തിയതായിരുന്നു.
