ഓപ്പറേഷൻ നേരത്തെ ചെയ്യാന്‍ 2000 രൂപ കൈക്കൂലി; ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റില്‍
രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അനസ്തേഷ്യ ഡോക്ടറിനെ വിജിലൻസ് സംഘം പിടികൂടിയത്. ജനറൽ ആശുപത്രി അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വെങ്കിടഗിരി (59) കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നുള്ളിപ്പാടിയിലെ വീട്ടിൽ വച്ചാണ് അറസ്റ്റ്. രോഗിയോട് 2000 രൂപയാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്.
കാസർകോട് സ്വദേശിയായ രോഗി ജൂലൈയിൽ ഹെർണിയ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ സർജനെ കണ്ടിരുന്നു. അദ്ദേഹം ശസ്ത്രക്രിയ നിർദ്ദേശിച്ചു. അനസ്‌തേഷ്യ ഡോക്‌ടറായ വെങ്കിടഗിരിയോട് ഡേറ്റ് തരാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോൾ സമീപത്ത് ഒഴിവില്ലെന്നും ഡിസംബറിൽ ശസ്ത്രക്രിയ നടത്താമെന്നും അറിയിച്ചു.
വേ, ദന അസഹനീയമായതിനെ തുടർന്ന് മൂന്ന് തവണ അനസ്തെറ്റിസ്റ്റിനെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം എത്തിയപ്പോൾ ശസ്ത്രക്രിയ നേരത്തെ നടത്തുന്നതിന് 2000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് രോഗി വിവരം വിജിലന്‍സ് വടക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. ഇയാളുടെ നിർദേശപ്രകാരമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽവെച്ച് വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്. കൈക്കൂലിപ്പണം വിജിലൻസ് പിടിച്ചെടുത്തു. പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
