ഇടപ്പള്ളി – കഴക്കൂട്ടം ദേശീയ പാതയിൽ ലക്ഷ്യം മൂന്ന് മണിക്കൂർ യാത്ര; രണ്ടുവർഷത്തിനുള്ളിൽ ആറുവരിപ്പാത പൂർത്തിയാകും
തലസ്ഥാനത്തിന്റെ വികസനം വേഗത്തിലാക്കാൻ കഴക്കൂട്ടം കടമ്പാട്ടുകോണം ദേശീയപാത 66ന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 29.83 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയാണ് നിർമ്മിക്കുന്നത്. ആറ്റിങ്ങലിൽ നാവായിക്കുളം മുതൽ മാമം വരെ 11.150 കിലോമീറ്റർ നീളത്തിൽ ആറ്റിങ്ങൽ ബൈപാസ് നിർമിക്കും. 795 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമിച്ച ആർഡിഎസ് പ്രോജക്ട് ലിമിറ്റഡിനാണ് നിർമാണച്ചുമതല. 2025ൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ.
പദ്ധതി നടപ്പാക്കുമ്പോൾ ദേശീയപാതയിൽ ഇടപ്പള്ളി മുതൽ കഴക്കൂട്ടം വരെയുള്ള സിഗ്നലും ജംക്‌ഷനുകളും കാണില്ലെന്നതാണ് പ്രത്യേകത. ഇടപ്പള്ളി കഴിഞ്ഞാൽ ആക്കുളം ബൈപ്പാസ് റോഡിൽ മുക്കോലയ്ക്കൽ ജങ്ഷനിൽ മാത്രമാണ് സിഗ്നൽ ഉള്ളത്. ശരാശരി വേഗത മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയാണ്. ഇരുവശങ്ങളിലുമായി ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഏഴര മീറ്റർ വീതിയിൽ രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിലാണ് ഇവയുടെ നിർമാണം.
