എസി, വാഷിങ് മെഷീന്‍ ഉപയോഗം പരമാവധി കുറക്കണം; ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നു, കേരളത്തിലെ വൈദ്യുതി ലോഡ് താങ്ങാനാവുന്നില്ലെന്ന് കെഎസ്ഇബി

വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും റെക്കോർഡ് ഉയരത്തിലാണ്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വൈകിട്ട് ആറു മുതൽ അർധരാത്രി വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. പൊടുന്നനെ ലോഡ് വർധിച്ചതിനാൽ ട്രാൻസ്ഫോർമറുകളും കത്തുന്ന ഗുരുതര സ്ഥിതിയാണെന്നും കെ.എസ്.ഇ.ബി.

കേരളത്തിൽ എസി ഇല്ലാതെ കടുത്ത ചൂടിനെ അതിജീവിക്കാൻ കഴിയില്ല. എല്ലാ വീട്ടിലും എസി എന്ന നിലയിലേക്ക് സ്ഥിതി മാറിയതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. 11 കെവി ലൈനിൻ്റെ പ്രവർത്തനത്തെ തന്നെ ലോഡ് മൂലം ബാധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം ഒഴിവാക്കാൻ ഉപഭോക്താക്കൾ ചില നടപടികൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി നിർദേശിക്കുന്നു.

രാത്രിയിൽ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുന്നതും ഉണക്കുന്നതും ഒഴിവാക്കുക. അർദ്ധരാത്രിക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യരുത്. എസി 25 നും 27 നും ഇടയിലായിരിക്കണം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പിങ് നടത്താം. മിക്കയിടത്തും ട്രാൻസ്‌ഫോർമറുകളുടെ ലോഡ് എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാകുന്നില്ല. 5000 വാട്ടിന് മുകളിലുള്ള ഉപഭോക്താക്കൾ ത്രീഫേസ് കണക്ഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഖലയെ താറുമാറാക്കുന്നു.

Scroll to Top