കള്ള് ഷാപ്പുകൾ ആധുനികമാക്കണം; കള്ള് നല്ലൊരു പോഷകാഹാരം ആണെന്നും, ലിക്കർ അല്ലെന്നും ഇ പി ജയരാജൻ

കേരളത്തിൻറെ കാർഷിക ഉത്പന്നമായ കള്ളും നീരയും ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിൻറെ തനതായ കള്ള് ബ്രാൻഡ് ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൻറെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവേ, കള്ള് ലിക്കർ അല്ലെന്നും, നല്ലൊരു പോഷകാഹാര വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു.

കള്ള് എടുത്താൽ ഉടൻതന്നെ അത് ലഹരിയായി മാറുന്നില്ല. പിന്നീടാണ് അത് ലഹരിയായി തീരുന്നത്. രാവിലെ എടുത്ത ഉടൻ തന്നെ കള്ള് കഴിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. കള്ളിന്റെയും, നീരയുടെയും ഉൽപാദനം വർധിപ്പിച്ചാൽ തന്നെ വലിയ തൊഴിൽ സാധ്യത കേരളത്തിൽ ഉണ്ടാകും എന്നും ,ഒളി സങ്കേതത്തിൽ പോകുന്ന പോലെയാണ് ഇപ്പോൾ ആളുകൾ കള്ള് ഷാപ്പിൽ പോകുന്നത് എന്നും, ലഹരിയില്ലാതെ ഇല്ലാത്ത ഒരു പാനീയം ആക്കി കള്ളു ഉപയോഗിച്ചാൽ അത് വളരെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കള്ള് ഷാപ്പുകൾ പ്രാകൃത കാലഘട്ടത്തിൽ നിന്നും മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവന്നാൽ വലിയൊരു തൊഴിൽ സാധ്യത തന്നെ കേരളത്തിൽ ഉണ്ടാകും. നാളികേരത്തിന്റെ നാടായ കേരളക്കരയിൽ തെങ്ങ് ഉപയോഗിച്ചുകൊണ്ട് തന്നെയുള്ള വ്യവസായങ്ങൾ ഉണ്ടാകണമെന്നും തടിയും, ചകിരിയും ,ചിരട്ടയും അടക്കമുള്ളവ ഉപയോഗപ്പെടുത്താൻ സാധിക്കുകയും അങ്ങനെ പുതിയ വികസനത്തിന് ഉപയോഗപ്പെടുത്താനായി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമം ആയിട്ടുണ്ടാകുന്ന കള്ള്കൾ ഒഴിവാക്കി നല്ല ശുദ്ധമായ കേരളത്തിൻറെ ബ്രാൻഡ് കള്ള് ബ്രാൻഡ് ആയി വന്നാൽ അത് നല്ലൊരു ആശയം ആണെന്ന് തനിക്ക് തോന്നുന്നു എന്നും എല്ലാ സംഘടനകളും അത് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ആർക്കെങ്കിലും അതിൽ എതിർപ്പ് ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് റിസോർട്ടിലുള്ള തെങ്ങിൽ നിന്ന് തന്നെ വിദേശികളുടെ കൺമുന്നിൽ വച്ച് തെങ്ങിൽ നിന്ന് കള്ള് എടുത്തു കൊടുത്താൽ അവർക്ക് അതൊരു പുതിയ അനുഭവമായിരിക്കും.

ഇങ്ങനെ നമ്മുടെ കാർഷിക ഉത്പന്നത്തെ ഉപയോഗിക്കുന്നത് മൂലം വലിയൊരു തൊഴിൽ സാധ്യത കേരളത്തിന് ഉണ്ടാകുന്നതാണ്. മദ്യപാനത്തെ നിയമം കൊണ്ട് ഒന്നും ഇല്ലാതാക്കാൻ സാധിക്കുകയില്ല, ബോധവൽക്കരണത്തിലൂടെ ലിക്കർ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള നല്ല പ്രചാരണങ്ങൾ ആണ് വേണ്ടത്. നീരയും കള്ളും ഒക്കെ അപകടം ഇല്ലാത്ത രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും അത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു.

Prime Reel News

Similar Posts