വസ്‌തുക്കച്ചവടത്തിന്റെ മറവില്‍ സ്ഥലം ഉടമയില്‍ നിന്നും 37 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിൽ

റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തിരുവനന്തപുരം നെടുമങ്ങാട് കോളിയകോട്ട് പ്രിയഭവനിൽ പ്രിയ (35), തിരുവനന്തപുരം പാങ്ങോട്ട് സ്വദേശി സിദ്ദിഖ് മൻസിലിൽ സിദ്ദിഖ് (47), ആറ്റിങ്ങൽ കുന്നുവാരം യാദവനിവാസിൽ അനൂപ് (26) എന്നിവരെയാണ് അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

 

അടൂർ മൂന്നാലം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള  വസ്തു വാങ്ങാനെന്ന വ്യാജേന 2023 ഒക്ടോബറിലാണ് പ്രിയ ഇവരെ സമീപിച്ചത്. മറ്റൊരു ദിവസം തനിക്ക് ഭൂമി ഇഷ്ടമാണെന്ന് പറഞ്ഞ പ്രിയ ജയചന്ദ്രന്റെ വീട്ടിലെത്തി സിദ്ദിഖിനെ ഭർത്താവായും അനൂപിനെ മരുമകനായും പരിചയപ്പെടുത്തി.

 

തുടർന്ന് സ്ഥലത്തിന് അഡ്വാൻസ് നൽകി. ലോൺ എടുത്താണ് ഭൂമി വാങ്ങുന്നതെന്നും അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം പറന്തൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്ഥിരനിക്ഷേപത്തിൽ വായ്പയുണ്ടെന്നും അത് അടച്ചാലേ പുതിയ വായ്പ ലഭിക്കൂ എന്നും പറഞ്ഞു. കടം തീർക്കാൻ കുറച്ച് പണവും ആവശ്യപ്പെട്ടു.

 

ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയും പ്രതികൾ 37,45,000 രൂപ പലതവണ തട്ടിയെടുത്തിട്ടുണ്ട്. 33 പവൻ സ്വർണാഭരണങ്ങളും വാങ്ങി. പിന്നീട് മൊബൈൽ ഫോൺ ഓഫാക്കി പ്രതികൾ മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Prime Reel News

Similar Posts