വഴിയിൽ ലിഫ്റ്റ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; കാല്‍നടയാത്രക്കാരന്റെ തലയ്ക്കടിച്ചു; യുവാവ് അറസ്റ്റില്‍
ബൈക്കിൽ പോകുന്ന വഴിയിൽ ലിഫ്റ്റ് ചോദിച്ചയാളെ ഇടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വട്ടിയൂർകാവ് കാഞ്ഞിരംപാറ അംബികാഭവനിൽ നിധീഷ് (23)നെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കാച്ചാണി സ്വദേശി ജലീൽ ജബ്ബാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമായിരുന്നു സംഭവം.
പോലീസ് പറയുന്നത് ഇങ്ങിനെ, നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ട് വാഹനം കിട്ടാതെ വീട്ടിലേക്ക് പോകുകയായിരുന്നു ജലീൽ. ഇതിനിടെ ബൈക്കിലെത്തിയ നിധീഷിനോട് ലിഫ്റ്റ് ചോദിച്ചു. ഇത് നിധീഷിന് ഇഷ്ടപ്പെട്ടില്ല.
ജലീലിനെ ഇയാൾ അസഭ്യം പറയുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നിധീഷ് ജലീലിന്റെ നെഞ്ചിൽ ചവിട്ടുകയും കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി നിധീഷിനെ അറസ്റ്റ് ചെയ്തു.
