മ്ലാവിനെ വേട്ടയാടി; ഇറച്ചി വിൽക്കാൻ ശ്രമിച്ച നാല് പേർ വനംവകുപ്പിന്റെ പിടിയിൽ
മ്ലാവിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി. മുണ്ടക്കയം സ്വദേശികളായ ജിജിൻസ് ജോസ്, ആന്റണി, ടോമിമാത്യു, കെ.ഷിബു എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. മുറിഞ്ഞപുഴ ഫോറസ്റ്റ് സ്‌റ്റേഷന് പരിധിയിലെ മഞ്ഞുമല എസ്റ്റേറ്റിന് സമീപമുള്ള പുതുവൽ ഭാഗത്ത് നിന്നാണ് പ്രതിയെ വനംവകുപ്പ് പിടികൂടിയത്.
ഞായറാഴ്ച രാത്രി എസ്റ്റേറ്റിന് സമീപം വെടിയൊച്ച കേട്ട് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മ്ലാവ് വെട്ടി മാംസം കടത്താൻ പ്രതികൾ ശ്രമിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടു.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽ മൃഗങ്ങളെ വെടിവച്ചു കൊന്ന് ഇറച്ചിക്കച്ചവടം നടത്തുന്നതായി വനംവകുപ്പ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച വാഹനം, തോക്ക്, മാംസം എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇറച്ചി വാങ്ങി ഉപയോഗിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
