മാലയിട്ട് മല ചവിട്ടി; അയ്യപ്പനെ കണ്ട് സായൂജ്യമണഞ്ഞ് ഫാ. മനോജ്; വരവേൽപ്പോടെ സ്വീകരിച്ച് സന്നിധാനം

കന്നിസ്വാമിയായി മല ചവിട്ടി ആംഗ്ലിക്കൻ സഭ പുരോഹിതൻ ഫാ.ഡോ. മനോജ്. ശബരിമലയിലെത്തിയ അദ്ദേഹം അയ്യപ്പനെ കൺനിറയെ കണ്ട് തിരിച്ചു മടങ്ങി. ഇന്നലെയാണ് ഫാദർ മനോജ് ഉൾപ്പെടെയുള്ള സംഘം പമ്പയിലെത്തിയത്.

ഇരുമുടി കെട്ട് നിറച്ചായിരുന്നു ഫാദർ മലച്ചവിട്ടിയത്. ശിവഗിരിയിലും പന്തളത്തും എരുമേലിയിലും എത്തിയ സംഘം ദർശനം നടത്തുകയും തുടർന്ന് വൃക്ഷ തൈകൾ നടുകയും ചെയ്തു. തുടർന്ന് പതിനെട്ടാംപടി കയറി അയ്യപ്പനെ കൺകുളിർക്കെ കണ്ട് തൊഴുതു. സന്നിധാനം മേൽശാന്തി കെ.ജയരാമനും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും അദ്ദേഹത്തെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ഏറെ നേരം സന്നിധാനത്തിൽ ചെലവഴിച്ച അദ്ദേഹം വഴിപാടുകളെല്ലാം നടത്തിയ ശേഷം മാളികപ്പുറത്ത് ദർശനം നടത്തുകയും അരി നിവേദിക്കുകയും ചെയ്തു. ശബരിമലയുടെ ഐതിഹ്യവും ക്ഷേത്രകാര്യങ്ങളും ചർച്ച ചെയ്ത ശേഷമാണ് ഫാദർ മലയിറങ്ങിയത്.

അതേസമയം, ശബരിമല തീർഥാടന വിവരം പുറത്തുവന്നതോടെ പിതാവിന്റെ ലൈസൻസും തിരിച്ചറിയൽ കാർഡുകളും ആംഗ്ലിക്കൻ സഭ തിരിച്ചെടുത്തു. തനിക്ക് എല്ലാ മതങ്ങളെക്കുറിച്ചും അറിയാനും പഠിക്കാനും ആഗ്രഹമുണ്ടെന്നും അതുവഴി പരസ്പര സ്നേഹവും പരിസ്ഥിതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്നും ഫാദർ മനോജ് വ്യക്തമാക്കി.

Prime Reel News

Similar Posts