അമ്മ തീക്കൊളുത്തിയ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപിടിത്തത്തിൽ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരിയാണ് മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അനാമികയാണ് മരിച്ചത്.

മാർച്ച് അഞ്ചിന് കുട്ടികളെ തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഇവരുടെ മക്കളായ അനാമിക (7), ആരവ് (2) എന്നിവർ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അർച്ചനയുടെ ഭർത്താവ് മനു പെയിൻ്റിംഗ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അര്‍ച്ചന ജീവനൊടുക്കിയത്.

അന്നേ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് സമീപവാസികൾ എത്തി നോക്കിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. വീടിൻ്റെ ജനലുകളും വാതിലുകളും തകർത്തപ്പോഴാണ് പൊള്ളലേറ്റ അമ്മയെയും മക്കളെയും കണ്ടത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചിരുന്നു. പ്രാഥമിക ചികിൽസയ്ക്കുശേഷം കുട്ടികളെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Scroll to Top