കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയുടെ സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സ്വർണം കടത്താൻ ശ്രമിച്ച അഞ്ചു പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്.
മൂന്ന് കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മറ്റൊരു പ്രതിയായ ലിഗേഷിനെ സിഐഎസ്എഫ് പിടികൂടി കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു. റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ ശരീരത്തിൽ ക്യാപ്സ്യൂളുകളായിട്ടാണ് സ്വർണം സൂക്ഷിച്ചത്. മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിൽ വിദഗ്ദ്ധമായിട്ടാണ് സ്വർണം ഒളിപ്പിച്ചത്. സമീർ ശരീരത്തിനുള്ളിൽ ഒരു കിലോയിലധികം തൂക്കമുള്ള സ്വർണമാണ് ഒളിപ്പിച്ചത്. കോഴിക്കോട് കക്കട്ട് സ്വദേശിയായ ലിഗേഷ് വിമാനത്താവളത്തിന് പുറത്തുനിന്നാണ് പിടിയിലായത്.
