മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ 30,500 രൂപ അനുവദിച്ച് സർക്കാർ; ഉത്തരവ് പുറത്ത്
മന്ത്രിക്ക് കണ്ണട വാങ്ങാൻ പൊതുഖജനാവിൽ നിന്ന് 30,500 രൂപ ചെലവഴിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവിന് 30,500 രൂപ നൽകി. മന്ത്രിയുടെ ആവശ്യപ്രകാരം തലസ്ഥാനത്തെ കണ്ണട കടയിൽ നിന്ന് വാങ്ങിയ കണ്ണടയുടെ വില 30,500 രൂപയാണെന്ന് അറിയിച്ചാണ് ഉത്തരവ്.
മൂന്നാം തീയതിയാണ് മന്ത്രിക്ക് തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ‘ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023-ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു’ -ഇങ്ങനെയാണ് ഉത്തരവിലെ വാചകം. സർക്കാർ കടക്കെണിയിൽ ഞെരുങ്ങുന്നതിനിടെയാണ് മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ വൻ തുക അനുവദിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ വിവാദമായിരുന്നു. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 49,900 രൂപയ്ക്കും ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപയ്ക്കും കണ്ണട വാങ്ങിയത് വിവാദമായിരുന്നു.
