ഗ്രോ വാസു കുറ്റക്കാരനല്ല, വെറുതെ വിട്ട് കോടതി; ജയിലിൽ കഴിഞ്ഞത് ഒന്നര മാസം
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ (94) കോടതി വെറുതെവിട്ടു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി, പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. ജൂലായ് 29ന് കോളേജ് മോർച്ചറിക്ക് മുന്നിൽ സമരം നടത്തിയെന്ന കേസിലാണ് വാസു അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് പല നടപടികളും ഉണ്ടായിട്ടും കോടതി നടപടികളുമായി സഹകരിച്ചില്ല. അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോൾ ജാമ്യം എടുക്കാനോ കുറ്റം സമ്മതിക്കാനോ തയാറാകാത്തതിനാൽ ജയിലിലടച്ചു. 2016ൽ നിലമ്പൂരിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്ന് റോഡ് ഉപരോധിച്ചതിന് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് ഒളിവിലാണെന്ന് അറിയിച്ചു. കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിഴയടക്കില്ലെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നുമായിരുന്നു വാസുവിന്റെ നിലപാട്. തനിക്കെതിരായ കേസ് തെറ്റാണെന്ന് വാസു വ്യക്തമാക്കി.
ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തടയാൻ പോലീസ് തൊപ്പി കൊണ്ട് മുഖം മറച്ച് ജീപ്പിലേക്ക് തള്ളിയിടുകയും മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് ബലം പ്രയോഗിച്ച് തടയുകയും ചെയ്തത് നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായി. ഗ്രോ വാസുവിനു എതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രിക്ക് കത്ത് നൽകി.
