പഞ്ച്മഹലിൽ ബസ് മറിഞ്ഞ് 38 SRF ജവാൻമാർക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട്
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഹലോലിലെ മലയോര മേഖലയിലുണ്ടായ ബസ് അപകടത്തിൽ 38 സ്റ്റേറ്റ് റിസർവ് പോലീസ് (എസ്ആർപി) ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിയന്ത്രണം വിട്ട വാഹനം താഴേക്ക് മറിയുകയായിരുന്നു. പാവഗഡ് കുന്നിന്റെ അടിത്തട്ടിൽ മൂന്ന് ദിവസത്തെ ഫയറിംഗ് പരിശീലനം പൂർത്തിയാക്കി ജവാൻമാർ ദഹോദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസിലുണ്ടായിരുന്ന 50 ജവാൻമാരിൽ 38 പേർക്ക് പരിക്കേറ്റു. ഇവരെ ഹലോലിലെ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 29 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു, ഗുരുതരമായി പരിക്കേറ്റ ഒമ്പത് പേരെ കൂടുതൽ ചികിത്സയ്ക്കായി വഡോദരയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
