ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തൃശൂർ ചേർപ്പ് പോലീസ് അന്വേഷിച്ച തട്ടിപ്പ് കേസ് സിബിഐക്ക് വിട്ടു. ഇതിൻ്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകൾ പേഴ്സണൽ മന്ത്രാലയത്തിൽ നേരിട്ട് എത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ ഡൽഹിയിലേക്ക് അയക്കാനാണ് നിർദേശം. ഹൈറിച്ച് അഴിമതിയിൽ ഇഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്.

ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മണി ചെയിൻ മാതൃകയിൽ 1600 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

ഹൈറിച്ച് എംഡി കെ ഡി പ്രതാപൻ, ഭാര്യ സീന പ്രതാപൻ എന്നിവരെയാണ് പോലീസ് പ്രതികളാക്കിയിരിക്കുന്നത്. പ്രതികൾ ജനങ്ങളിൽ നിന്ന് 3141 കോടിയുടെ നിക്ഷേപം കൈപ്പറ്റിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപകരുണ്ട്. അന്തർദേശീയ ഇടപാട് നടന്നിട്ടുണ്ടോ എന്ന പൊലീസ് അന്വേഷണത്തിനിടെയാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.

Scroll to Top