രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ ബസ് നിരത്തിലിറങ്ങി; പച്ചവെള്ളം പുറന്തള്ളുന്ന ബസ്!
രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഇന്നലെയാണ് രാജ്യത്തിന് സമർപ്പിച്ചത്. പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ബസ് പുറകത്തിറക്കിയത്. പേര് പോലെ തന്നെ പ്രകൃതി സൗഹാദർദപരമായാണ് ബസ് പ്രവർത്തിക്കുക. പുകയ്‌ക്ക് പകരം വെള്ളമാകും ഗ്രീൻ ഹൈഡ്രജൻ ബസ് പുറന്തള്ളുക.
ഫോസിൽ ഇന്ധനത്തിൽ നിന്ന് പുതിയ തലത്തിലേക്ക് ഇന്ധന രംഗത്തെ മാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഭാവിയുടെ ഇന്ധനമായാണ് ഹൈഡ്രജനെ കരുതുന്നത്. 2050-ഓടെ ആഗോളതലത്തിൽ ഹൈഡ്രജന്റെ ആവശ്യം നാലോ ഏഴോ ഇരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, 500-800 ദശലക്ഷം ടൺ ഹൈഡ്രജനാകും ലോകത്ത് ഉപയോഗിക്കുക.
നിലവിൽ ആറ് ദശലക്ഷമാണ് ഉപയോഗിച്ച് വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിൽ രണ്ട് ഗ്രീൻ ഹൈഡ്രജൻ ബസുകൾ ഓടിക്കാനാണ് ഐഒഡി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാൻ കഴിയുന്ന സ്രോതസ്സുകൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കന്ന വൈദ്യുതി വഴി ജലത്തെ വിഘടിപ്പിച്ച് 75 കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഐഒസിയുടെ ആർ ആന്റ് ഡി സെന്ററാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. 30 കിലോഗ്രാം ശേഷിയുള്ള നാല് സിലണ്ടറുകൾ ഉപയോഗിച്ച് ബസുകൾ 350 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും. 12 മിനിറ്റ് കൊണ്ട് ടാങ്കുകൾ നിറയ്‌ക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജൻ കത്തുമ്പോൾ ഉപോൽപ്പന്നം എന്ന നിലയിൽ നീരാവി മാത്രമാകും പുറത്തേക്ക് വരിക.
ഒരു കിലോ ഗ്രീൻ ഹ്രൈഡജൻ ഉൽപ്പാദിപ്പിക്കാൻ 50 യൂണിറ്റ് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയും വെള്ളത്തിൽ നിന്ന് അയോണുകൾ അല്ലെങ്കിൽ അയോണിക് ഘടകങ്ങൾ നീക്കം ചെയ്ത് ലഭിക്കുന്ന 9 കിലോഗ്രാം ഡീയോണൈസ്ഡ് വെള്ളവുമാണ് ഇതിന് ആവശ്യമായി വരിക. 2023 അവസാനത്തോടെ ബസുകളുടെ എണ്ണം ഐഒസി 15 ആക്കി ഉയർത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2030-ഓടെ വർഷം പത്തുലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാണ് പൊതുമേഖല എണ്ണ വിതരണ കമ്പനികൾ ലക്ഷ്യമിടുന്നത്.
