ഇന്ത്യയുടെ പേര് ഭാരതം എന്നാക്കും, താല്‍പര്യമില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്ന് ബിജെപി നേതാവ്; വിഷയത്തിൽ കുറിപ്പുമായി കൃഷ്ണകുമാറും!

രാജ്യത്തിന്റെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യുമെന്നും പേര് മാറ്റാൻ താൽപ്പര്യമില്ലാത്തവർ രാജ്യം വിടണമെന്നും ബിജെപി നേതാവ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ നിന്നുള്ള പാർലമെന്റ് അംഗവും മുതിർന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയാൽ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഞായറാഴ്ച ഖരഗ്പൂരിൽ നടന്ന ‘ചായ് പേ ചർച്ച’ പരിപാടിയിൽ പങ്കെടുക്കവെയാണ് ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ഘോഷ് ഇക്കാര്യം പറഞ്ഞത്. “പശ്ചിമ ബംഗാളിൽ ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റും. അതിൽ താൽപ്പര്യമില്ലാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്,” ഘോഷ് പറഞ്ഞു.

രാജ്യത്തിന് ഒരേ സമയം രണ്ട് പേരുകൾ ഉണ്ടാകുന്നത് ശരിയല്ലെന്നും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഡൽഹിയിലുണ്ടെന്നും ബംഗാളിൽ നിന്നുള്ള മറ്റൊരു ബിജെപി നേതാവ് രാഹുൽ സിൻഹ അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പാർട്ടി വക്താവ് ശന്തനു സെൻ ആരോപിച്ചു, സംയുക്ത പ്രതിപക്ഷമായ ഇന്ത്യയെ ഭയക്കുന്ന ബി.ജെ.പി രാജ്യത്തിന്റെ പേര് മാറ്റുന്നതുൾപ്പെടെയുള്ള യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്ന് ആരോപിച്ചു.

കൃഷ്ണ കുമാറിന്റെ കുറിപ്പ് വിശദമായി വായിക്കാം.

നമസ്കാരം സഹോദരങ്ങളെ

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. “ദേ മോദി, ഭാരതം എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ പ്രതിജ്ഞയുമായി ഇറങ്ങിയിട്ടുണ്ട്”, എന്നൊക്കെ അവർ പറയാൻ സാധ്യതയുണ്ട്. എന്നാൽ ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.

ഭാരതം എന്ന നാടിനെ ഇംഗ്ലീഷുകാർ ഇന്ത്യാ എന്നും, അറബികൾ ഹിന്ദ് എന്നും, ഫ്രഞ്ചുകാർ Inde എന്നും, ജർമൻ കാർ Indien എന്നുമാണ് വിളിക്കുന്നത്.. ഈ ചിത്രത്തിൽ കാണുന്ന ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ ദേശിയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നത്. തെലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശിയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. തെലുങ്കിൽ “ഭാരതദേശം നാ മാതൃഭൂമി” എന്നാണ് തുടങ്ങുന്നത്.

അതേ വർഷം തന്നെ, ഇന്ന് ഭാരതം എന്ന വാക്കിനെ പുച്ഛിക്കുന്ന , അന്നു ഭരിച്ച കോൺഗ്രസ്സ് സർക്കാരും പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് സർക്കാരും ദേശിയ പ്രതിജ്ഞ സ്വീകരിക്കുകയും അത് അച്ചടിച്ച് വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ ഭാരതം എന്നവാക്കിനോട് അന്നില്ലാതിരുന്ന അലർജി പെട്ടന്ന് പലർക്കും ഇപ്പൊ ഉണ്ടായതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം ഇവിടെ പലർക്കും രാഷ്ട്രമല്ല രാഷ്ട്രീയമാണ് പ്രധാനം… ഭാരതത്തിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു..ജയ് ഹിന്ദ്.

Prime Reel News

Similar Posts