ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ വ്യോമസേനയ്‌ക്ക് പുതിയ പതാക അനാവരണം ചെയ്തു

ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇനി പുതിയ പതാക. 91-ാം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പ്രയാഗ് രാജിൽ നടന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്. മാറുന്ന കാലത്തിനൊപ്പം സേനയും മാറുകയാണെന്ന് പതാക അനാച്ഛാദനം ചെയ്ത് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സേന സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനയുടെ ശക്തി വികസിച്ച് കൊണ്ടിരിക്കുകയാണ്. യുദ്ധം ചെയ്യാനും വിജയിക്കാനും സമാധാനം ഉറപ്പ് വരുത്താനും സേന പ്രതിജ്ഞാബദ്ധമാണ്. ഉയർന്നുവരുന്ന ഭീഷണികളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാൻ സഹായിക്കുന്ന വിധത്തിൽ സേനയെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് മാർഷൽ വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ മൂല്യങ്ങൾ പ്രദർശിപ്പിക്കുന്ന ജാലകമാകും പുതിയ പതാകയെന്ന് പ്രതിരോധ പിആർഒയും ഗ്രൂപ്പ് ക്യാപ്റ്റനുമായ സമീർ ഗംഗാഖേദ്കർ പറഞ്ഞു.

ഏഴ് പതിറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന പതാകയ്‌ക്കാണ് ഇന്ന് മാറ്റം വന്നത്.യൂണിയൻ ജാക്കും ഐഎഎഫ് റൗണ്ടലും (ചുവപ്പ്, വെള്ള, നീല) എന്നിവ ഉൾക്കൊള്ളുന്നതാണ് റോയൽ ഇന്ത്യൻ എയർഫോഴ്സിന്റെ പതാക. ഈ പതാകയാണ് നവീകരിച്ചിരിക്കുന്നത്. ഇടത് കന്റോണിൽ ദേശീയ പതാകയും വലതുവശത്ത് ഐഎഎഫ് ത്രിവർണ്ണ വളയവുമാണ് പുത്തൻ പതാകിൽ ഉള്ളത്. പതാകയുടെ മുകളിൽ വലത് കോണിൽ വ്യോമസേന ചിഹ്നവും പ്രദർശിപ്പിച്ചിട്ടുണ്ട്.

Prime Reel News

Similar Posts