ഓൺലൈൻ സുഹൃത്തിനെ കാണാൻ ഇന്ത്യക്കാരി പാക്കിസ്ഥാനിലെത്തി; വീട്ടിൽ കാത്തിരുന്ന് ഭർത്താവ്, ഉടൻ വിവാഹമെന്ന് കാമുകൻ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്ക് പോയ യുവതിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാനിൽ നിന്നുള്ള 34 കാരിയായ യുവതി പാക്കിസ്ഥാനിലേക്ക് പോയതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.

പാക്കിസ്ഥാനിലുള്ള 29 കാരനായ സുഹൃത്തിനെ കാണാനാണ് യുവതി പോയത്. കേസിനെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിലുള്ള യുവതിയുടെ വീട്ടിൽ പൊലീസ് എത്തി. ഈ യുവതി വിവാഹിതയാണ്.

അമൃത്‌സറിലേക്ക് പോകാനെന്ന വ്യാജേന യുവതി വ്യാഴാഴ്ച വീടുവിട്ടിറങ്ങിയെന്നും എന്നാൽ അവൾ പാക്കിസ്ഥാനിലെ ലാഹോർ നഗരത്തിലാണെന്ന് വീട്ടുകാർക്ക് മനസ്സിലായെന്നും യുവതിയുടെ ഭർത്താവ് അരവിന്ദ് പറഞ്ഞു. സുഹൃത്തിനെ കാണാനാണ് പാകിസ്താനിലേക്ക് പോയതെന്നും ദിവസങ്ങൾക്കകം തിരിച്ചെത്തുമെന്നും യുവതി പറഞ്ഞതായി ഭർത്താവ് പറഞ്ഞു.

യുവതി വിവാഹിതയായിട്ട് 16 വർഷമായി. ഇവർക്ക് രണ്ടു കുട്ടികളും ഉണ്ട്. നാല് വർഷം മുമ്പാണ് യുവതി നസ്‌റുല്ലയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി, തുടർന്നാണ് അയാളെ നേരിട്ട് കാണാൻ പോയത്. യുവതി രണ്ട് വർഷം മുമ്പ് പാസ്‌പോർട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും വിദേശത്തേക്ക് പോയിട്ടില്ലെന്നും ഭർത്താവ് പറയുന്നു.

പാക്കിസ്ഥാനിലേക്ക് പോകുകയാണെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും ഉടൻ പോലീസിൽ പരാതിപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അരവിന്ദ് വ്യക്തമാക്കി. അതേ സമയം, താനും യുവതിയും ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചതായി പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നസ്റുല്ല പറഞ്ഞു.

Prime Reel News

Similar Posts