ഭർത്താവ് നോക്കി നിൽക്കെ ബസിടിച്ച് നഴ്‌സറി സ്‌കൂള്‍ ഹെല്‍പ്പര്‍ക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ
കാട്ടുരുത്തിയിൽ ബസ് കയറുവാൻ വേണ്ടി ഓടുകയായിരുന്ന വീട്ടമ്മ ബസിടിച്ച് മരിച്ചു. കാഞ്ഞിരത്താനം സ്വദേശിയും സെന്റ് ജോൺസ് നഴ്‌സറി സ്‌കൂളിലെ സഹായിയുമായ ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ കാഞ്ഞിരത്താനം ജങ്ഷനിലായിരുന്നു അപകടം.
ഭർത്താവിനൊപ്പം കാഞ്ഞിരത്താനം ജംഗ്‌ഷനിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ജോസി അവിടുണ്ടായിരുന്ന കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ വൈക്കത്തേക്കുള്ള ബസ് വരികയും, ബസ് വരുന്നത് കണ്ട ഭർത്താവ് ബസിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുകയും ചെയ്തു. കൂട്ടുകാരിയുമായി സംസാരിച്ച ജോസി ബസ് കയറാനായി ബസിന് മുന്നിലൂടെ ഓടിയപ്പോൾ ബസ് മുന്നോട്ടെടുക്കുകയും ബസിനടിയിൽപെടുകയുമായിരുന്നു.
അതിനിടെ, റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് ജോസി കൈ ഉയർത്തി അടയാളം കാണിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സൂചന. ബസിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ജോസിയുടെ ദേഹത്ത് ബസ് പാഞ്ഞുകയറിയതിനെ തുടർന്ന് ജോസി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് നോക്കി നിൽക്കെയായിരുന്നു അപകടം. ഏകമകന്‍ അഖില്‍ തോമസ് (ദുബായ്).
