‘ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്’; മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

ജാതി വിവേചന വിവാദത്തിൽ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ആദ്യമായിട്ടല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിച്ചില്ലെങ്കിൽ പൂജാരി പുറത്തേക്ക് വന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.

മാസങ്ങൾക്ക് ശേഷം അഭിപ്രായം പറയുന്നതിൽ ദുഷ്ടലാക്കുമില്ല. പ്രസംഗ ദിവസം രാവിലെ 2 വാർത്തകൾ വായിച്ചു. ദളിത് വേട്ടയുടെ വാർത്തയായിരുന്നു അത്. അതിന് ശേഷം ആ അനുഭവം പരിപാടിയിൽ പറഞ്ഞു. കണ്ണൂരിലെ വേദിയിൽ തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നു. അന്ന് അത് ചർച്ച ചെയ്തില്ല. ചില സമയങ്ങളാണ് ചർച്ച ഉയർത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണൻ. നേരത്തെ മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ രംഗത്തെത്തിയിരുന്നു.

ജാതി അധിക്ഷേപം നേരിട്ട മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഖകരമാണ്. ജാതി വിവേചനമില്ലെന്നും എന്നാൽ ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അക്കീരമൺ പറഞ്ഞു. പഴയ സംഭവം ഉയർത്തിക്കാട്ടുന്നത് മറ്റു പല വിവാദങ്ങളും ഉണ്ടാക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി വിവേചനത്തിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തെത്തി.

ശുചിത്വം പാലിക്കുന്നത് തൊട്ടുകൂടായ്മയായി തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ശുചിത്വം പാലിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനമല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. ദേവപൂജ കഴിയുന്നതുവരെ പൂജാരി ആരെയും തൊടാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസമില്ല. മാസങ്ങൾക്ക് ശേഷം വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നതായി തന്ത്രി സമാജം വാർത്താക്കുറിപ്പിൽ പറയുന്നു.

Prime Reel News

Similar Posts